ന്യൂഡൽഹി: രാജസ്ഥാനിലെ ജയ്പൂരിൽ വീട്ടിലുണ്ടാക്കിയ നൂഡിൽസ് കഴിച്ചതിനു പിന്നാലെ ഏഴുവയസുകാരി മരിച്ചു. കുട്ടിയുടെ മൂത്ത സഹോദരിക്ക് ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
നവംബർ 19നാണ് സംഭവം. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് സഹോദരിമാരായ പിഹു കുമാവത്തും ദിവ്യാൻഷിയും ചേർന്ന് നൂഡിൽസ് പാകം ചെയ്ത് കഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചശേഷം ഇരുവരും ഉറങ്ങാൻ പോയി. ഉച്ചകഴിഞ്ഞ് മൂന്നോടെ അമ്മ വീട്ടിലെത്തിയപ്പോഴാണ് മൂത്തമകളായ ദിവ്യാൻഷി ഉറക്കമുണർന്ന് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചത്. എന്നാൽ ഇളയമകളായ പിഹു അബോധാവസ്ഥയിലായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ ഇരുവരെയും ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചു. എന്നാൽ പിഹു മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദിവ്യാൻഷിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ഡിസ്ചാർജ് ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ ഭക്ഷ്യവിഷബാധയാകാമെന്നാണ് അധികൃതർ സംശയിക്കുന്നത്. എന്നാൽ കുട്ടിയുടെ മരണത്തിന്റെ യഥാർഥ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ വ്യക്തമാകൂ.
സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കർധാനി പൊലീസ് നൂഡിൽസിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു. പരിശോധനാഫലം ലഭിച്ചശേഷം കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.അതേസമയം, കുട്ടികളുടെ സഹോദരനായ ഗോവിന്ദ് അസുഖത്തെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.