മുംബൈ: മുംബൈയിലെ ഗോരേഗാവിൽ ആറാം നിലയിൽനിന്ന് 18 മാസം പ്രായമുള്ള കുഞ്ഞിനെ താഴേക്ക് എറിഞ്ഞുകൊന്നു. കൊലയ്ക്കു പിന്നിൽ അതേ കെട്ടിടത്തിൽ താമസിക്കുന്ന 10 വയസുകാരിയാണെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും കുട്ടിയുടെ അമ്മയേയും കസ്റ്റഡിയിലെടുത്തു
ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളിൽ സംഭവം പതിഞ്ഞിട്ടുണ്ട്. 18 മാസം പ്രായമുള്ള കുഞ്ഞിനെ പെൺകുട്ടി എടുത്ത് ആറാം നിലയിൽനിന്ന് താഴേക്ക് എറിയുന്നതായി സംശയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തുടർന്ന് പെൺകുട്ടി ഇടനാഴിയുടെ മറുഭാഗത്തേക്ക് ഓടിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് റിപ്പോർട്ട്.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഗോരേഗാവിലെ ശിവ്ഷാഹി കെട്ടിടത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
കുഞ്ഞിന്റെ കുടുംബം ഒക്ടോബർ ഒന്നിനാണ് കെട്ടിടത്തിൽ താമസത്തിനെത്തിയത്. പൂച്ചയെ ച്ചൊല്ലി ഇരുകുടുംബങ്ങളും തമ്മിൽ നേരത്തേ തർക്കമുണ്ടായിരുന്നുവെന്ന് മരിച്ച കുഞ്ഞിന്റെ കുടുംബം പോലീസിനോട് പറഞ്ഞു. എന്നാൽ, തർക്കത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
അതേസമയം, 10 വയസ്സുകാരി മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടായിരുന്നുവെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. കുഞ്ഞിന്റെ മരണത്തിൽ നീതി ലഭിക്കണമെന്നും സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിന്റെ തെളിവുകൾ മറച്ചുവയ്ക്കാൻ പെൺകുട്ടിയുടെ കുടുംബം സിസിടിവി ക്യാമറകൾ ഓഫ് ചെയ്തുവെന്നും കുഞ്ഞിന്റെ കുടുംബം ആരോപിച്ചതായി പോലീസ് അറിയിച്ചു. ഈ ആരോപണവും അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധിക്കുന്നത്.
സിസിടിവി ദൃശ്യങ്ങളിൽ കുഞ്ഞ് ആറാം നിലയിൽനിന്ന് താഴേക്ക് വീഴുന്നത് കാണാമെന്ന് പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിന് തൊട്ടുപിന്നാലെ കുഞ്ഞിനെ താഴേക്കെറിഞ്ഞതായി ആരോപിക്കപ്പെടുന്ന പെൺകുട്ടി സ്ഥലത്തുനിന്ന് ഓടിപ്പോകുന്നതും പിന്നീട് അതേ നിലയിലെ ഇടനാഴിയിൽ സൈക്കിൾ ഓടിക്കുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ ദിൻഡോഷി പോലീസ് അപകടമരണ റിപ്പോർട്ട് (എ.ഡി.ആർ) രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയുടെ അമ്മയെയും കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. അതേസമയം മരിച്ച കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, കുടുംബങ്ങൾ തമ്മിലുണ്ടായിരുന്ന തർക്കം, സിസിടിവി ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ എന്നിവ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.