ഗാസിയാബാദ്: ഭർത്താവിന്റെ കോടികളുടെ സ്വത്തും ലൈഫ് ഇൻഷുറൻസ് തുകയും സ്വന്തമാക്കാൻ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഭാര്യ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. ഭർത്താവിനെയും മകനെയും അനന്തരവനെയും ലക്ഷ്യമിട്ടായിരുന്നു പ്രതിയായ രേണു ഭട്നാഗറിന്റെ നീക്കമെന്നാണ് പൊലീസ് കണ്ടെത്തൽ.
വസുന്ധര സ്വദേശിയും വ്യവസായിയുമായ സുശീൽ കുമാർ ഭട്നാഗറിന് തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. പിന്നാലെ മകനും അനന്തരവനും സമാനമായ രീതിയിൽ അസുഖബാധിതരായി. ഇതോടെ സംശയം തോന്നിയ സുശീൽ വിശദമായ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനായി.
പരിശോധനാഫലത്തിൽ സുശീലിന്റെ ശരീരത്തിൽ അപകടകരമായ അളവിൽ ഈയം (Lead) കണ്ടെത്തി. ഭക്ഷണത്തിലൂടെ വിഷം നൽകിയതാകാമെന്ന് സംശയിച്ച അദ്ദേഹം ഇന്ദിരാപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭാര്യയും കുടുംബാംഗങ്ങളും ചേർന്ന് തന്നെ ഉൾപ്പെടെ മൂന്നുപേരെ അപായപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു പരാതി.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ രണ്ട് മാസത്തിന് ശേഷം പൊലീസ് രേണുവിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഭർത്താവിന്റെ ഏകദേശം ആറ് കോടി രൂപ വിലമതിക്കുന്ന ട്രാവൽ ഏജൻസി ബിസിനസും രണ്ട് കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസിയുമാണ് പ്രതിയുടെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. ഇൻഷുറൻസ് പോളിസിയിൽ നോമിനിയായി ഉൾപ്പെടുത്തിയിരുന്നത് രേണുവിനെയായിരുന്നു. ഭർത്താവ് മരിച്ചാൽ സ്വത്തുക്കളും ഇൻഷുറൻസ് തുകയും സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലാണ് ഭക്ഷണത്തിൽ ഈയം കലർത്തി നൽകിയതെന്നാണ് പൊലീസിന്റെ വിശദീകരണം.
കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.