മുംബൈ: മഹാരാഷ്ട്രയിലെ വസായിയിൽ ഫ്ലാറ്റിന്റെ 11-ാം നിലയിൽനിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം. നായ്ഗാവ് ഈസ്റ്റിലെ നവ്കാർ ടവറിലാണ് സംഭവം. വീട്ടിന് പുറത്തുള്ള ഗാലറിയിൽ കളിക്കുന്നതിനിടെയാണ് കുട്ടി താഴേക്ക് വീണത്.
മിലിത് എന്ന ആറുവയസ്സുകാരനാണ് മരിച്ചത്. കുട്ടി അയൽവാസിയായ പെൺകുട്ടിക്കൊപ്പം വീടിന് പുറത്തുള്ള 11-ാം നിലയിലെ ഗാലറിയിൽ കളിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കളിക്കുന്നതിനിടെ കുട്ടി ചെരുപ്പുകൾ സൂക്ഷിക്കുന്ന റാക്കിന് മുകളിൽ കയറിയതായാണ് റിപ്പോർട്ട്. ഇതിനിടെ സമീപത്തുണ്ടായിരുന്ന തുറന്ന ജനലിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ പരിഭ്രാന്തരായ കുടുംബാംഗങ്ങളും അയൽവാസികളും ഓടിയെത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
താഴെയുണ്ടായിരുന്ന പൈപ്പിന് മുകളിലാണ് കുട്ടി പതിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ നായ്ഗാവ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടത്തിന്റെ സാഹചര്യങ്ങളും മറ്റ് വിശദാംശങ്ങളും സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
ഇതേ നിർമാണക്കമ്പനിയായ നവ്കാർ ബിൽഡേഴ്സ് നിർമിച്ച മറ്റൊരു കെട്ടിടത്തിലും സമാനമായ ദുരന്തം നേരത്തേ സംഭവിച്ചിരുന്നു. 2025 ജൂലൈ 22ന് മറ്റൊരു കെട്ടിടത്തിന്റെ 12-ാം നിലയിൽനിന്ന് വീണ് നാലുവയസുകാരി മരിച്ചിരുന്നു. ഒരേ നിർമാണക്കമ്പനി നിർമിച്ച കെട്ടിടങ്ങളിൽ തുടർച്ചയായി കുട്ടികൾ വീണ് മരിച്ച സംഭവങ്ങൾ ഉയർത്തുന്നത് കെട്ടിടങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങളാണ്. ഉയരമുള്ള ഫ്ലാറ്റുകളിൽ താമസിക്കുന്ന കൊച്ചുകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർമാണത്തിലെ അപാകതകളോ സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചകളോ ഉണ്ടായിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.