പൂജപ്പുര: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി ജയിൽ മോചിതനായി. ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഇടക്കാല ആവശ്യം ഹൈക്കോടതി അനുവദിച്ചതോടെയാണ് ജയിൽ മോചിതനായത്. പിഴത്തുകയുടെ 75 ശതമാനം കെട്ടിവയ്ക്കണമെന്നും രാജ്യം വിട്ടുപോകരുതെന്നും ഉൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ജസ്റ്റിസ് എ. ബദറുദ്ദീനാണ് തച്ചങ്കരിയുടെ അപ്പീൽ പരിഗണിച്ച് ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് ജാമ്യം അനുവദിച്ചത്. കേസിലെ അപ്പീൽ തീർപ്പാകുന്നതുവരെ കോട്ടയം വിജിലൻസ് കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്നായിരുന്നു ആവശ്യം.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും 30.8 ലക്ഷം രൂപ പിഴയുമാണ് കോട്ടയം വിജിലൻസ് കോടതി വിധിച്ചിരുന്നത്. വാടക വരുമാനവും കുടുംബസ്വത്തും വിചാരണക്കോടതി കണക്കിലെടുത്തില്ലെന്നായിരുന്നു തച്ചങ്കരിയുടെ അപ്പീലിലെ പ്രധാന വാദം.
2003 മുതൽ 2007 വരെയുള്ള കാലയളവിൽ വരുമാനത്തേക്കാൾ അധികമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തെത്തുടർന്ന് 2007-ലാണ് തച്ചങ്കരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. വരുമാനത്തേക്കാൾ ഏകദേശം 135 ശതമാനം അധികം സ്വത്ത് സമ്പാദിച്ചതായാണ് വിജിലൻസ് കണ്ടെത്തിയത്. 2013-ലാണ് കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്.
19 വർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് കേസിൽ വിചാരണക്കോടതി ശിക്ഷ വിധിച്ചത്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന ഡിജിപി റാങ്കിലുള്ള സംസ്ഥാനത്തെ ആദ്യ ഉദ്യോഗസ്ഥനെന്ന വിശേഷണവും ഇതോടെ തച്ചങ്കരിക്ക് ലഭിച്ചിരുന്നു.