കണ്ണൂർ: കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ ഒരിടവേളയ്ക്ക് ശേഷം പാർട്ടിയിൽ വീണ്ടും ഫ്ലക്സ് യുദ്ധം സജീവമാകുന്നു. ഷാഫി പറമ്പിൽ എംപിക്ക് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്റെ പേരിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ‘കുപ്രചാരണം കൊണ്ടും കുടിലതന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല’ എന്നാണ് ബോർഡുകളിലെ വാചകം.
കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തും സ്റ്റേഡിയം പരിസരത്തുമാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസിലെ ആഭ്യന്തര പോര് വീണ്ടും പരസ്യമായതിന്റെ സൂചനയായാണ് പുതിയ നീക്കത്തെ വിലയിരുത്തുന്നത്. നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയും കോൺഗ്രസിൽ വലിയ ഫ്ലക്സ് യുദ്ധം അരങ്ങേറിയിരുന്നു.
ഷാഫി പറമ്പിലിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പരാമർശങ്ങളാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഷാഫി എ ഗ്രൂപ്പുകാരനല്ലെന്നും അങ്ങനെയാണെങ്കിൽ അത് എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞിരുന്നു. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ചില പെട്ടിതാങ്ങികളാണെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരാമർശിച്ച് ‘ആശാന് വേണ്ടി അടൂരിലെ ശിഷ്യൻ ഇറങ്ങിയിരിക്കുകയാണ്’ എന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഉമ്മൻചാണ്ടിക്കെതിരെ ആക്രമണമുണ്ടായപ്പോൾ പ്രതിരോധിക്കാൻ താനും ടി. സിദ്ദിഖും മാത്രമാണ് ഉണ്ടായിരുന്നതെന്നും മറ്റുള്ളവർ പ്രതിച്ഛായ ഭയന്ന് മാറിനിന്നെന്നുമായിരുന്നു ഉണ്ണിത്താന്റെ മറ്റൊരു ആരോപണം. സിപിഎം ഉമ്മൻചാണ്ടിയെ കടന്നാക്രമിച്ചപ്പോൾ പ്രതിരോധിച്ചത് ഉണ്ണിത്താനാണെന്ന പ്രതികരണവുമായി ഉമ്മൻചാണ്ടിയുടെ കുടുംബവും രംഗത്തെത്തിയതോടെ കോൺഗ്രസിലെ തർക്കം പുതിയ തലത്തിലേക്ക് കടന്നു.
അതേസമയം, രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശങ്ങൾ പാർട്ടിയിലെ യഥാർഥ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തൽ. ഉണ്ണിത്താന് മറുപടി പറയേണ്ടതില്ലെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. ഉമ്മൻചാണ്ടിയുടെ കുടുംബം ഉൾപ്പെടെ പ്രതികരിച്ച സാഹചര്യത്തിലാണ് തൽക്കാലം മൗനം പാലിക്കാൻ തീരുമാനിച്ചത്.
സർക്കാരിൽ കൂടിയാലോചന വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കാനും ഹൈക്കമാൻഡ് ഉടൻ ഇടപെടണമെന്ന നിലപാടിൽ ഉറച്ചുനിൽക്കാനുമാണ് എ ഗ്രൂപ്പിന്റെ തീരുമാനം. ഇതിനിടെയാണ് ഷാഫി പറമ്പിലിന് പിന്തുണ പ്രഖ്യാപിച്ചുള്ള ഫ്ലക്സ് ബോർഡുകൾ കണ്ണൂരിൽ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസിലെ ആഭ്യന്തര പോര് വീണ്ടും തെരുവിലേക്ക് എത്തിയതോടെ വരും ദിവസങ്ങളിലും രാഷ്ട്രീയ വിവാദം ശക്തമാകാനാണ് സാധ്യത.