കാക്കനാട്: എഐയ്ക്ക് എന്തു പൊതുപ്രവർത്തകൻ, എന്തു സാമൂഹ്യസേവനം… ഹെൽമറ്റ് വെക്കാതെ എഐയ്ക്ക് മുന്നിലൂടെ യുവാവ് തലങ്ങുംവിലങ്ങും പാഞ്ഞത് 49 തവണ. ഓരോ തവണയുള്ള യാത്രയും എഐ ക്യാമറകൾ കൃത്യമായി ക്യാച്ച് ചെയ്തു. 49 തവണയാണ് മോട്ടർ വാഹന വകുപ്പിന്റെ എഐ കണ്ണിൽ അങ്കമാലി സ്വദേശിയുടെ നിരത്തിലെ നിയമലംഘനം പതിഞ്ഞത്. അതിൽ ഹെൽമറ്റ് വയ്ക്കാത്തതിനാണ് 44 തവണയും കുടുങ്ങിയത്. ഓരോതവണയും 500 രൂപ വീതം പിഴ. അതിന് മാത്രം 22,000 രൂപ പിഴയുമെത്തി.
ബാക്കിയുള്ള അഞ്ചെണ്ണം 3 പേർ ഒരുമിച്ചു ഹെൽമറ്റില്ലാതെ സ്കൂട്ടറിൽ യാത്ര ചെയ്തതിനാണ്. ഇതിന് ഓരോ യാത്രക്കാരന്റെയും തലയെണ്ണി 500 രൂപ വീതം ഓരോ തവണയും കണക്കാക്കി അടയ്ക്കണം. 3 പേരെ കയറ്റിയതിന് 1,000 രൂപ വീതം വേറെയും അടയ്ക്കണം. അതേസമയം സ്കൂട്ടർ ഭാര്യയുടെ പേരിലുള്ളതാണ്. ഭാര്യ വിദേശത്തായതിനാൽ ഫോണിലെ സന്ദേശം ശ്രദ്ധിക്കാതിരുന്നതിനാലാണു പിഴ പെരുകിയത് അറിയാതെ പോയതെന്നാണ് യുവാവിന്റെ വാദം.
ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലാണു പൊതുപ്രവർത്തകൻ കൂടിയായ യുവാവിനെ എഐ ക്യാമറ പിടിച്ചത്. ഇന്നലെ മോട്ടർ വാഹന എൻഫോഴ്സ്മെന്റ് ഓഫിസിലെത്തിയ യുവാവ് പിഴ വെട്ടിക്കുറയ്ക്കണമെന്ന അപേക്ഷ സമർപ്പിച്ചു. ഇതു സ്വീകരിക്കാനാകില്ലെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ആംനെസ്റ്റി പദ്ധതി വരുന്നതുവരെ കാത്തുനിൽക്കാനുമായിരുന്നു കിട്ടിയ ഉപദേശം.
15 വർഷം പഴക്കമുള്ള സ്കൂട്ടറാണെന്നും വിറ്റാൽ 15,000 രൂപയിൽ കൂടുതൽ കിട്ടില്ലെന്നുമാണു പരാതിക്കാരൻ പറയുന്നത്. പൊതു പ്രവർത്തനമുള്ളതിനാൽ ജനങ്ങളെ സഹായിക്കാനാണ് മൂന്നു പേരുമായുള്ള സ്കൂട്ടർ യാത്രയെന്നാണു യുവാവ് പറയുന്നത്.





