കൊല്ലം: വീട്ടുവളപ്പിൽ ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി. ചന്ദനത്തോപ്പ് ചാത്തിനാംകുളം പാരിപ്പള്ളി വീട്ടിൽ ഹരീന്ദ്രൻപിള്ള (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം.
വീടിന് പിന്നിലെ വാഴത്തോപ്പിലാണ് ഹരീന്ദ്രൻപിള്ളയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഴത്തോപ്പിൽ തീ പടർന്നതോടെ അയൽവാസികൾ എത്തി തീ അണയ്ക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് കിളികൊല്ലൂർ പൊലീസും കൊല്ലത്തുനിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
താഹാമുക്കിൽ പൂജാ സ്റ്റോർ നടത്തിവന്നിരുന്ന ഹരീന്ദ്രൻപിള്ള മരണാനന്തര കർമങ്ങൾക്കുള്ള സാമഗ്രികൾ രാവിലെ വീട്ടിലെത്തിച്ചിരുന്നു. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് സംഭവം. ഒഴിവുസമയങ്ങളിൽ പുരയിടത്തിൽ കൃഷിജോലികൾ ചെയ്യുന്നത് പതിവായതിനാൽ വാഴത്തോപ്പിൽ ചിത ഒരുക്കിയ വിവരം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
സംഭവസ്ഥലത്തുനിന്ന് പൂജാസാമഗ്രികളും വിറകും ഉൾപ്പെടെയുള്ള വസ്തുക്കളും തിന്നർ കൊണ്ടുവന്നതായി കരുതുന്ന ഒഴിഞ്ഞ കുപ്പികളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മരണകാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹാവശിഷ്ടങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
ജയകുമാരിയാണ് ഭാര്യ. മക്കൾ: ഡോ. ശ്രീലക്ഷ്മി, ഹരിപ്രിയ. മരുമകൻ: ഡോ. ശ്രീകാന്ത്.






