എറണാകുളം: പരാതി നൽകാനായി പോലീസ് സ്റ്റേഷനിലെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ എസ്ഐക്കെതിരെ കേസ്. സംഭവത്തിൽ എളമക്കര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുജീബ് റഹ്മാനെതിരെ പോലീസ് കേസെടുത്തു.
പരാതി നൽകാനെത്തിയ യുവതിയോട് ഇയാൾ മോശമായി പെരുമാറുകയും വശീകരിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. പരാതി നൽകാനെത്തിയ സ്ത്രീയോടെ തന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരിക്കേസിൽ കുടുക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
അതേസമയം സംഭവത്തിൽ കേസെടുത്തതിനു പിന്നാലെ പ്രതിയായ മുജീബ് റഹ്മാൻ ഒളിവിൽ പോയി. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.



















































