സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്ന് ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി അത്ഭുതകരമായി രക്ഷപ്പെട്ടു. ‘ഗൺമാസ്റ്റർ ജി9’ എന്ന ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ ക്രെയ്നിൽ തൂക്കിയിട്ടിരുന്ന കാർ തലകീഴായി മറിഞ്ഞ് താഴെ നിർത്തിയിട്ടിരുന്ന വാനിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് ഇമ്രാൻ ഹാഷ്മിയുടെ ശരീരത്തിന് തൊട്ടടുത്തായാണ് കാർ പതിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
അപകടത്തിന്റെ ബിഹൈൻഡ് ദ സീൻസ് (BTS) വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.
‘ഗൺമാസ്റ്റർ ജി9’ ചിത്രീകരണം നേരത്തെയും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ജൂണിൽ ഹരിദ്വാറിൽ ഷൂട്ടിങ് നടക്കുന്നതിനിടെ സെറ്റിൽ സ്ഥാപിച്ച ബോർഡ് യഥാർഥ ബാറിന്റേതാണെന്ന് തെറ്റിദ്ധരിച്ച് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് പ്രാദേശിക ഭരണകൂടവുമായും നാട്ടുകാരുമായും ചർച്ച നടത്തി പ്രശ്നം പരിഹരിച്ചതായി നിർമാതാവ് ദീപക് മുകുത് അറിയിച്ചിരുന്നു.
ആദിത്യ ദത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ-റൊമാന്റിക് ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിക്കൊപ്പം ജെനീലിയ ഡിസൂസ, അപർശക്തി ഖുറാന, അഭിഷേക് സിങ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ദീപക് മുകുത്, ഹുനാർ മുകുത്, സംഗീത ആഹിർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം സോഹം റോക്ക്സ്റ്റാർ എന്റർടെയ്ൻമെന്റാണ് അവതരിപ്പിക്കുന്നത്. നവംബർ 27-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.