കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ പ്ലസ് ടു വിദ്യാർഥിയെ കത്തെഴുതിവച്ച് കാണാതായതായി പരാതി. പെരിങ്ങത്തൂർ സ്വദേശി ശിവസൂര്യയെയാണ് മൂന്ന് ദിവസമായി കാണാതായിരിക്കുന്നത്.
‘ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടൊപ്പമാകും’ എന്നാണ് വീട്ടിൽനിന്ന് ലഭിച്ച കത്തിൽ എഴുതിയിരിക്കുന്നതെന്ന് കുടുംബം പറയുന്നു.
മൊബൈൽ ഗെയിം സ്ഥിരമായി കളിക്കുന്നത് വീട്ടുകാർ വിലക്കിയതിനെ തുടർന്നാണ് ശിവസൂര്യ വീട് വിട്ടുപോയതെന്നാണ് വിവരം. ശിവസൂര്യയുടെ കൈയിൽനിന്ന് മൊബൈൽ ഫോൺ വാങ്ങിവെച്ചിരുന്നതായി അച്ഛൻ ജിഗീഷ് പറഞ്ഞു.
ശിവസൂര്യ വീട് വിട്ടിറങ്ങുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് കത്ത് കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥി കേരളത്തിന് പുറത്തേക്ക് പോയിട്ടുണ്ടോയെന്നതടക്കം പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.




