ചെമ്മരുതി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയത് പെട്ടെന്നുണ്ടായ പ്രകോപനത്തിലെന്നു പോലീസ്. തിങ്കളാഴ്ച ഉച്ചയ്ക്കു കഴുത്തിൽ കുത്തേറ്റ് ചെമ്മരുതി തറട്ടയിൽ കീഴെത്തൊടി വീട്ടിൽ സുബിന(30) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു ഭർത്താവ് ഷാജനെ (39) അയിരൂർ പോലീസ് സംഭവ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം തിങ്കളാഴ്ച ഇവരുടെ ഏകമകളായ ആറു വയസുകാരിയുടെ പിറന്നാൾ ദിവസമായിരുന്നു. അതിനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഇരുവർക്കുമിടയിൽ കുടുംബ സംബന്ധമായ പഴയ ചില പ്രശ്നങ്ങളിൽ വാക്കുതർക്കം ഉണ്ടായത്. വഴക്കു നടക്കുമ്പോൾ ഷാജന്റെ ഉമ്മ വീടിനു പുറത്തായിരുന്നു. വാക്കുതർക്കം മുറുകിയതോടെ ഷാജൻ കത്തിയെടുത്ത് സുബിനയുടെ കഴുത്തിൽ ആഴത്തിൽ കുത്തിയെന്നാണ് പോലീസ് പറയുന്നത്.
പകൽ രണ്ടു മണിക്കു കുത്തേറ്റു വീണ സുബിനയെ ആശുപത്രിയിലെത്തിക്കാനോ മറ്റുള്ളവരെ അറിയിക്കാനോ ഷാജൻ ആദ്യം തയാറായില്ല. അര മണിക്കൂറിലധികം കഴിഞ്ഞാണ്, അടുത്ത സുഹൃത്തിനെ മാത്രം മൊബൈലിൽ വിളിച്ചു വീട്ടിലെത്താൻ ഷാജൻ പറയുന്നത്. തുടർന്നു സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് സുബിനയ്ക്ക് കുത്തേറ്റവിവരം പുറത്തറിയുന്നത്. അപ്പോഴേക്കും സുബിനയെ ആശുപത്രിയിലെത്തിക്കാനുള്ള നിർണായക സമയം അതോടെ പിന്നിട്ടിരുന്നു. തുടർന്നു പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി ജീവന്റെ നേരിയ തുടിപ്പ് ഉണ്ടായിരുന്ന സുബിനയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
അതേസമയം പ്ലംബർ ജീവനക്കാരനായ ഷാജനെ സംബന്ധിച്ചു മറ്റു ക്രിമിനൽ പശ്ചാത്തലമില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതിയെ റിമാൻഡ് ചെയ്തു. സുബിനയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബ സ്ഥലമായ പരവൂരിൽ കബറടക്കം നടത്തി.