വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും അദ്ദേഹത്തിന്റെ ഭരണനയങ്ങൾക്കും കനത്ത തിരിച്ചടി നൽകി ചൊവ്വാഴ്ച നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ മുന്നേറ്റം. ജനപ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവചനം. ഇതോടെ ട്രംപ് ഭരണകൂടത്തിന്റെ അവസാന രണ്ട് വർഷങ്ങളിൽ അദ്ദേഹത്തിന്റെ നയപരിപാടികൾക്ക് തടയിടാനും ഭരണകൂടത്തിനെതിരെ വിപുലമായ അന്വേഷണങ്ങൾ നടത്താനും പ്രതിപക്ഷത്തിന് അവസരമൊരുങ്ങും.
ടെക്സസ്, സൗത്ത് കരോലിന, ഒഹായോ, കൻസാസ് തുടങ്ങി റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പോലും ഡെമോക്രാറ്റുകൾ അട്ടിമറി വിജയം നേടി. പതിറ്റാണ്ടുകളായി റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലായിരുന്ന മണ്ഡലങ്ങൾ തിരിച്ചുപിടിക്കാനും പല സംസ്ഥാനങ്ങളിലും ചരിത്രനേട്ടങ്ങൾ സ്വന്തമാക്കാനും ഡെമോക്രാറ്റുകൾക്ക് കഴിഞ്ഞു. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച സംസ്ഥാനങ്ങളിൽ പോലും ഡെമോക്രാറ്റുകൾ മുന്നേറ്റമുണ്ടാക്കിയത് ശ്രദ്ധേയമായി. ട്രംപിനെ വൈറ്റ് ഹൗസിലെത്തിക്കാൻ സഹായിച്ച വോട്ടർമാരുടെ പിന്തുണയിൽ വിള്ളലുണ്ടാകുന്നതിന്റെ സൂചനയായാണ് ഈ ഫലങ്ങൾ വിലയിരുത്തപ്പെടുന്നത്.
ട്രംപിന്റെ പ്രസിഡന്റ് ഭരണകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടികളിലൊന്നായാണ് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധിയാണോ, ഇറാനുമായുള്ള ജനപ്രീതിയില്ലാത്ത യുദ്ധമാണോ, അതോ ട്രംപിന്റെ ഭരണത്തോടുള്ള ജനങ്ങളുടെ അതൃപ്തിയാണോ ഡെമോക്രാറ്റുകളുടെ തിരിച്ചുവരവിന് കാരണമായതെന്ന ചർച്ചകളും ശക്തമാണ്.
വോട്ടർമാരുടെ തീരുമാനത്തെ സ്വാധീനിച്ച പ്രധാന ഘടകങ്ങളിലൊന്ന് രാജ്യത്തെ സാമ്പത്തിക സാഹചര്യമാണെന്നാണ് വിലയിരുത്തൽ. പണപ്പെരുപ്പം നിയന്ത്രിക്കുമെന്നും ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുമെന്നും വാഗ്ദാനം ചെയ്താണ് 2024ൽ ട്രംപ് അധികാരത്തിലെത്തിയത്. എന്നാൽ നിത്യോപയോഗ സാധനങ്ങളുടെ ഉയർന്ന വില, വിദേശ ഉൽപ്പന്നങ്ങൾക്കുമേൽ ഏർപ്പെടുത്തിയ തീരുവകൾ, ഇറാനുമായുള്ള യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്നിവ ട്രംപിന്റെ വാഗ്ദാനങ്ങൾക്ക് തിരിച്ചടിയായെന്നാണ് സൂചന.
അമേരിക്കൻ മാധ്യമസ്ഥാപനങ്ങളുടെ കൂട്ടായ്മയ്ക്കുവേണ്ടി എസ്എസ്ആർഎസ് നടത്തിയ എക്സിറ്റ് പോൾ പ്രകാരം പത്തിൽ ഒമ്പതോളം വോട്ടർമാരും ജീവിതച്ചെലവിനെ തങ്ങളുടെ വോട്ടിനെ സ്വാധീനിച്ച നിർണായക ഘടകമായോ പ്രധാന ഘടകമായോ ചൂണ്ടിക്കാട്ടി. ഉയർന്ന വിലയ്ക്ക് ട്രംപിനെയാണ് മൂന്നിൽ രണ്ടോളം വോട്ടർമാർ ഉത്തരവാദിയാക്കിയത്. ട്രംപിന്റെ നയങ്ങൾ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതൽ മോശമാക്കിയെന്നാണ് പത്തിൽ ആറോളം പേർ അഭിപ്രായപ്പെട്ടത്.
വീട്ടുചെലവുകൾക്കപ്പുറത്തേക്കും ജനങ്ങളുടെ അതൃപ്തി വ്യാപിച്ചിരുന്നു. രാജ്യത്തിന്റെ നിലവിലെ അവസ്ഥയിൽ നാലിൽ മൂന്നോളം വോട്ടർമാർ രോഷമോ അതൃപ്തിയോ പ്രകടിപ്പിച്ചു. സർക്കാരിലെ അഴിമതി, ട്രംപിന്റെ പെരുമാറ്റം എന്നിവയും തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയങ്ങളായി. സാമ്പത്തിക സമ്മർദങ്ങൾ വർധിക്കുന്നതിനിടെ ഇറാനുമായുള്ള യുദ്ധത്തിനായി ഭരണകൂടം നൽകുന്ന മുൻഗണനകളെയും വോട്ടർമാർ ചോദ്യം ചെയ്തു.
ഡെമോക്രാറ്റിക് സ്ഥാനാർഥികളെ തീവ്രവാദികളായും അപകടകാരികളായും ചിത്രീകരിച്ച് തിരഞ്ഞെടുപ്പ് ചർച്ചകളുടെ ശ്രദ്ധ തിരിച്ചുവിടാനായിരുന്നു ട്രംപിന്റെ ശ്രമം. എന്നാൽ സാധാരണക്കാരെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ജീവിതച്ചെലവ് തന്നെയായിരുന്നു വോട്ടർമാരുടെ പ്രധാന ആശങ്കയായി തുടർന്നത്.
തിരഞ്ഞെടുപ്പ് ട്രംപിന്റെ ഭരണത്തിനുള്ള ജനവിധിയായി മാറിയതും റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായി. ഇടക്കാല തിരഞ്ഞെടുപ്പിനെ തന്റെ പ്രസിഡന്റ് ഭരണത്തിന്റെ വിലയിരുത്തലായി കാണണമെന്ന് ട്രംപ് തന്നെ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ വിജയസാധ്യത വർധിപ്പിക്കുന്നതിന് പകരം പാർട്ടിയുടെ തിരഞ്ഞെടുപ്പ് വെല്ലുവിളി കൂടുതൽ കടുപ്പിച്ചെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.
സിഎൻഎൻ നടത്തിയ വോട്ടർ സർവേയിൽ പത്തിൽ ആറിലധികം പേർ ട്രംപിന്റെ ഭരണപ്രകടനത്തിൽ അതൃപ്തി രേഖപ്പെടുത്തി. ഇതിൽ ഭൂരിപക്ഷം പേരും ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിച്ചത്. അസോസിയേറ്റഡ് പ്രസിന്റെ വോട്ടർ സർവേയിൽ പങ്കെടുത്ത പത്തിൽ ആറോളം പേർ രാജ്യത്തിന്റെ താൽപര്യത്തേക്കാൾ സ്വന്തം താൽപര്യങ്ങൾക്കാണ് ട്രംപ് മുൻഗണന നൽകുന്നതെന്ന് അഭിപ്രായപ്പെട്ടു. പ്രസിഡന്റിന്റെ അധികാരങ്ങൾക്ക് മേൽ കോൺഗ്രസ് കൂടുതൽ നിയന്ത്രണവും പരിശോധനയും ഏർപ്പെടുത്തണമെന്ന് 70 ശതമാനത്തോളം വോട്ടർമാരും ആവശ്യപ്പെട്ടു.
അതുപോലെ സംസ്ഥാനതല തിരഞ്ഞെടുപ്പുകളിലെ ട്രംപിന്റെ ഇടപെടലുകളും പ്രതീക്ഷിച്ച ഫലം നൽകിയില്ല. ടെക്സസിലെ കെൻ പാക്സ്റ്റൺ, സൗത്ത് കരോലിനയിലെ ഡാർലിൻ ഗ്രഹാം തുടങ്ങിയ ട്രംപിന്റെ പിന്തുണയുള്ള സ്ഥാനാർഥികൾ പരാജയപ്പെട്ടു. പ്രസിഡന്റ് നേരിട്ടെത്തി പലതവണ പ്രചാരണം നടത്തിയ സംസ്ഥാനങ്ങളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയുണ്ടായി.
2024ലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയത്തിന് സഹായിച്ച വോട്ടർ കൂട്ടായ്മയിലും മാറ്റങ്ങൾ പ്രകടമായി. യുവാക്കൾ, ഹിസ്പാനിക് വംശജർ തുടങ്ങിയ വിഭാഗങ്ങൾ വീണ്ടും ഡെമോക്രാറ്റുകൾക്ക് അനുകൂലമായി ചായുന്നതിന്റെ സൂചനകളാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത്. 30 വയസിന് താഴെയുള്ള വോട്ടർമാരിൽ പത്തിൽ ഏഴോളം പേർ തങ്ങളുടെ പ്രദേശത്തെ ജനപ്രതിനിധിസഭാ തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റിക് സ്ഥാനാർഥികളെ പിന്തുണച്ചു. ഹിസ്പാനിക് വോട്ടർമാരിൽ പത്തിൽ ആറോളം പേരും ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്തു.
പരമ്പരാഗതമായി മത്സരാധിഷ്ഠിതമായിരുന്ന സംസ്ഥാനങ്ങളിൽ മാത്രമല്ല, റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉറച്ച കോട്ടകളിലും ഡെമോക്രാറ്റുകൾ നേടിയ വിജയമാണ് തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ സവിശേഷത. ടെക്സസിൽ ജെയിംസ് തലാരിക്കോയുടെ വിജയം 38 വർഷത്തിനിടെ സംസ്ഥാനത്ത് ഡെമോക്രാറ്റുകൾ നേടുന്ന ആദ്യ സെനറ്റ് വിജയമായി. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് 18 ശതമാനം പോയിന്റിന്റെ ഭൂരിപക്ഷം നേടിയ സൗത്ത് കരോലിനയിൽ ട്രംപിന്റെ ഇഷ്ടസ്ഥാനാർഥിയായ ഡാർലിൻ ഗ്രഹാമിനെ പരാജയപ്പെടുത്തി ആനി ആൻഡ്രൂസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഒഹായോയിലും ഡെമോക്രാറ്റുകൾക്ക് വലിയ നേട്ടമുണ്ടായി. റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലായിരുന്ന സെനറ്റ് സീറ്റ് ഷെറോഡ് ബ്രൗൺ തിരിച്ചുപിടിച്ചു. സംസ്ഥാന ഗവർണർ തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റുകൾ വിജയിച്ചു. കൻസാസിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ സെനറ്ററുമായ റോജർ മാർഷലിനെ പരാജയപ്പെടുത്തി ആദം ഹാമിൽട്ടൺ വിജയിച്ചു. 1932നുശേഷം കൻസാസിൽ ഡെമോക്രാറ്റുകൾക്ക് സെനറ്റ് സീറ്റിൽ വിജയം നേടാനായിരുന്നില്ല. ദീർഘകാലത്തെ ഈ കാത്തിരിപ്പിനാണ് പുതിയ വിജയത്തോടെ അവസാനമായത്.
നിരവധി ചരിത്രനേട്ടങ്ങൾക്കും തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. ജോർജിയയിൽ കീഷ ലാൻസ് ബോട്ടംസ് അമേരിക്കൻ ചരിത്രത്തിലെ ആദ്യ കറുത്തവർഗക്കാരിയായ വനിതാ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂ മെക്സിക്കോയിൽ ഡെബ് ഹാലണ്ട് ഗവർണറായി വിജയിച്ചതോടെ ഗവർണർ പദവിയിലെത്തുന്ന ആദ്യ തദ്ദേശീയ അമേരിക്കൻ വനിതയായി. ന്യൂ ഹാംഷെയറിൽ ക്രിസ് പാപ്പാസ് അമേരിക്കൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ പരസ്യമായി സ്വവർഗാനുരാഗിയായ പുരുഷനെന്ന ചരിത്രവും സ്വന്തമാക്കി.
അതേസമയം, ജനപ്രതിനിധിസഭയിലും സെനറ്റിലും നിയന്ത്രണം ലഭിച്ചാലും ഡെമോക്രാറ്റുകൾക്ക് തങ്ങളുടെ എല്ലാ നിയമനിർമാണ പദ്ധതികളും നടപ്പാക്കാൻ എളുപ്പമാകില്ല. പ്രസിഡന്റ് എന്ന നിലയിൽ ട്രംപിനുള്ള വീറ്റോ അധികാരം പ്രധാന തടസമാണ്. കൂടാതെ സെനറ്റിൽ ഭൂരിഭാഗം നിയമനിർമാണങ്ങൾക്കും 60 വോട്ടുകളുടെ പിന്തുണ ആവശ്യമാണ്. അതിനാൽ ഇരുസഭകളിലും ഭൂരിപക്ഷം നേടിയാലും ഡെമോക്രാറ്റുകൾക്ക് തങ്ങളുടെ രാഷ്ട്രീയ അജൻഡ പൂർണമായി നടപ്പാക്കാനാകില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ട്രംപ് ഭരണകൂടത്തിനെതിരെ അന്വേഷണങ്ങൾ നടത്താനും ഭരണനടപടികൾ പരിശോധിക്കാനും പ്രസിഡന്റിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാനും പുതിയ രാഷ്ട്രീയ സാഹചര്യം ഡെമോക്രാറ്റുകൾക്ക് വലിയ അവസരം നൽകും.