പാട്ന: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽനിന്നും യാത്രക്കാരെ തട്ടിയെടുത്ത ശേഷം ഭീഷണിപ്പെടുത്തി പണം വാങ്ങുകയും അപായപ്പെടുത്തുകയും ചെയ്യുന്ന യുവാവ് പിടിയിൽ. ബീഹാറിലെ ബക്സറിൽ നിന്നുള്ള വൈശാലി സ്വദേശിയായ 21കാരൻ നിതിൻ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് റോഹിത് എന്നയാളെ റെയിൽവേ പോലീസ് പിടികൂടിയത്.
ഹൈദരാബാദിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നിതിനെ സെപ്റ്റംബർ 19ന് ഡാനാപൂർ സ്പെഷ്യൽ ട്രെയിനിൽ വച്ചാണ് റോഹിത് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറയുന്നു. തുടർന്ന് നിതിന്റെ കുടുംബത്തോട് 10,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ടതിന് പിന്നാലെ യുവാവിന്റെ കൈകാലുകൾ കെട്ടി ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയെന്നാണ് പോലീസ് കണ്ടെത്തൽ. സംഭവത്തിൽ നിതിൻ മരിക്കുകയായിരുന്നു.
നിതിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബക്സർ റെയിൽവേ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് റെയിൽവേ ഡിഎസ്പി കാഞ്ചൻ കുമാരിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു. അന്വേഷണത്തിനിടെ വാരണാസിയിൽ നിന്നാണ് റോഹിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിനിടെ നിതിന്റെ കൈകാലുകൾ കെട്ടിയശേഷം ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയതായി പ്രതി സമ്മതിച്ചെന്നാണ് പോലീസ് പറയുന്നത്. സിഗരറ്റ് വലിച്ചതിന്റെ പേരിൽ നിതിനെ പ്രതി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തതായും പോലീസ് അറിയിച്ചു. കുടുംബത്തിൽ നിന്ന് പണം ആവശ്യപ്പെട്ട പ്രതി തുക ലഭിച്ചതിന് ശേഷമാണ് യുവാവിനെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
അന്വേഷണത്തിനിടെ റോഹിത്തിന്റെ മുൻകാല കുറ്റകൃത്യങ്ങളും പൊലീസ് കണ്ടെത്തി. 2024ൽ സമാനമായ രീതിയിൽ ബക്സറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് രണ്ട് പേരെ പുറത്തേക്ക് തള്ളിയ സംഭവത്തിലും ഇയാൾ പ്രതിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അന്ന് ഇരുവരും രക്ഷപ്പെട്ടു. കേസിൽ പിന്നീട് റോഹിത് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജയിൽ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങുകയും ചെയ്തിരുന്നു.
ലക്ഷ്യമിടുന്നവരുടെ വിശ്വാസം നേടിയെടുക്കാൻ റോഹിത് വ്യത്യസ്ത വ്യക്തിത്വങ്ങൾ ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു. ചിലപ്പോൾ പോലീസ് ഉദ്യോഗസ്ഥനായും മറ്റുചിലപ്പോൾ ജിആർപി, എസ്ടിഎഫ് ഉദ്യോഗസ്ഥനായും പരിചയപ്പെടുത്തിയാണ് ഇയാൾ ഇരകളെ കണ്ടെത്തുകയും കുടുക്കുകയും ചെയ്തിരുന്നതെന്ന് റെയിൽവേ ഡിഎസ്പി കാഞ്ചൻ കുമാരി വ്യക്തമാക്കി.
നിതിന്റെ കേസിലും സമാനമായ രീതിയാണ് റോഹിത് സ്വീകരിച്ചതെന്നാണ് പോലീസ് പറയുന്നത്. യാത്രയ്ക്കിടെ നിതിനെ നിയന്ത്രണത്തിലാക്കിയ ശേഷം കുടുംബത്തെ ബന്ധപ്പെട്ട് പണം ആവശ്യപ്പെടുകയായിരുന്നു. പണം ലഭിച്ചതിന് പിന്നാലെ യുവാവിന്റെ കൈകാലുകൾ കെട്ടി ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
റോഹിത്തിനെതിരെ നേരത്തെയും നിരവധി കേസുകളുണ്ടെന്നും ഇയാൾ പതിവായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നയാളാണെന്നും റെയിൽവേ പോലീസ് അറിയിച്ചു. നിതിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് വേഗത്തിൽ വിചാരണയ്ക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഡിഎസ്പി കാഞ്ചൻ കുമാരി പറഞ്ഞു.




