ന്യൂഡൽഹി: ഡൽഹിയിൽ കോക്ക്രോച്ച് ജന്ത പാർട്ടി (CJP) സംഘടിപ്പിക്കുന്ന ‘ലഹ്റാ ദോ തിരംഗ’ പ്രതിഷേധത്തിന് പിന്നിൽ ശതകോടീശ്വരൻ ഇലോൺ മസ്കാണെന്ന ആരോപണവുമായി ബിജെപി നേതാവും മുൻ എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്. ഈ പ്രതിഷേധം രാജ്യത്തിനെതിരായ വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സുപ്രീംകോടതിയെ ഭീഷണിപ്പെടുത്തുകയാണ് മാർച്ചിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയിൽ തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് ബിസിനസ് നടത്താൻ ആഗ്രഹിക്കുന്ന വിദേശ ശക്തികളാണ് പ്രക്ഷോഭത്തിന് സാമ്പത്തികവും മറ്റ് പിന്തുണകളും നൽകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉത്തർപ്രദേശിലെ ഉന്നാവോയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബ്രിജ് ഭൂഷൺ സിങ്.
ഇന്ത്യയെ അയൽരാജ്യങ്ങളായ ബംഗ്ലാദേശിനോടും പാക്കിസ്ഥാനോടും താരതമ്യം ചെയ്യുന്നതിനെയും അദ്ദേഹം വിമർശിച്ചു. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ ബിസിനസ് താൽപര്യങ്ങളെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ഈ പ്രസ്ഥാനം മുഴുവൻ ഇലോൺ മസ്കിന്റെ നിർദേശപ്രകാരമാണ് ആസൂത്രണം ചെയ്യുന്നത്. ഇത് നമ്മുടെ രാജ്യത്തിനെതിരായ വലിയ ഗൂഢാലോചനയാണ്.
നമ്മുടെ രാജ്യത്തെ ബംഗ്ലാദേശിനോടും പാക്കിസ്ഥാനോടും താരതമ്യം ചെയ്യുകയാണ്. സുപ്രീംകോടതിയെ ഭയപ്പെടുത്തുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ ഇവിടെ ആദ്യമായാണ് ഒരു മാർച്ച് സംഘടിപ്പിക്കുന്നത്. ഇതിന് മുമ്പ് ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. നമ്മുടെ രാജ്യത്ത് ബിസിനസ് നടത്താൻ ആഗ്രഹിക്കുന്ന, എന്നാൽ സ്വന്തം നിബന്ധനകൾക്ക് അനുസരിച്ച് മാത്രം പ്രവർത്തിക്കാൻ താൽപര്യപ്പെടുന്ന വിദേശികളാണ് ഈ പ്രസ്ഥാനത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്,” എന്നായിരുന്നു ബ്രിജ് ഭൂഷൺ സിങ്ങിന്റെ ആരോപണം.