പട്‌ന: ബിഹാറിലെ സഹർസ ജില്ലയിൽ പ്രണയബന്ധവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ദിവസം മുമ്പ് കസ്റ്റഡിയിലെടുത്ത അൻമോൽ കുമാറിനെയാണ് ചൊവ്വാഴ്ച രാവിലെ സഹർ ബസാർ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഉൾപ്പെടെ അഞ്ച് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.
ശുചിമുറിയിൽ അൻമോൽ തനിച്ച് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രാഥമിക പരിശോധനയിൽ സിസിടിവി ക്യാമറയിൽനിന്ന് ലഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ പൊലീസുകാർ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
പ്രണയബന്ധവുമായി ബന്ധപ്പെട്ട പരാതിയിലാണ് അൻമോലിനെ മൂന്ന് ദിവസം മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു സ്ത്രീയുമായി ഭർത്താവിന് ബന്ധമുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ കുടുംബം പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും ഭാര്യ ലീനാ ദേവി പറഞ്ഞു.
അതേസമയം, മകനെ വിട്ടയക്കുന്നതിനായി ഒരു പൊലീസുകാരൻ 20,000 രൂപ ആവശ്യപ്പെട്ടിരുന്നതായി അൻമോലിന്റെ അമ്മ ആരോപിച്ചു. പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ മകനെ കാണാൻ പലതവണ അനുമതി നിഷേധിച്ചു. ഉദ്യോഗസ്ഥരുടെ യോഗം നടക്കുകയാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ സന്ദർശനത്തിനെത്തിയിട്ടുണ്ടെന്നുമടക്കമുള്ള കാരണങ്ങൾ പറഞ്ഞാണ് കാണാൻ അനുവദിക്കാതിരുന്നതെന്നും അമ്മ ആരോപിച്ചു.
മകനെ മോചിപ്പിക്കാൻ 20,000 രൂപ ആവശ്യപ്പെടുന്നുണ്ടെന്ന് അൻമോൽ വീട്ടിലേക്ക് സന്ദേശം അയച്ചിരുന്നതായും കുടുംബം ആരോപിച്ചു. ചൊവ്വാഴ്ച രാവിലെ അൻമോലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വിവരമാണ് കുടുംബത്തിന് ലഭിച്ചത്. ആശുപത്രിയിലെത്തിയപ്പോഴാണ് മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.
സംഭവത്തെത്തുടർന്ന് എസ്എച്ച്ഒ സഞ്ജയ് കുമാർ സത്യാർത്ഥി, അന്വേഷണ ഉദ്യോഗസ്ഥയായ പിഎസ്ഐ ശിവാനി കുമാരി, ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ അനന്ത് കുമാർ സിങ്, കോൺസ്റ്റബിൾ മുന്ന കുമാർ, ഡ്യൂട്ടി ഗാർഡ് രാജ്കിഷോർ ശർമ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
സംഭവത്തിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. യുവാവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, കുടുംബം ഉന്നയിച്ച കൈക്കൂലി ആരോപണം, പൊലീസ് സ്റ്റേഷനിലെ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും.