കാസര്‍ഗോഡ്: പെരിയ ഇരട്ടകൊലക്കേസിൽ പ്രതികള്‍ക്ക് കോടതിയിൽ തുടർനടപടികൾ നടത്തുന്നതിന് വേണ്ടി സിപിഎം ഫണ്ട് പിരിക്കുമെന്ന് ഉറപ്പിച്ച് സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്. ഈ നാട്ടിലെ ജനങ്ങള്‍ക്ക് ബോധ്യമാവുന്ന വിഷയത്തില്‍ ഫണ്ട് പിരിക്കുമെന്ന് പി ജയരാജന് വ്യക്തമാക്കി. സിപിഎം ഉദുമ ഏരിയ കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിലാണ് പി ജയരാജന്റെ പരാമര്‍ശം.
ഫണ്ട് പിരിക്കുന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ വിഷയത്തില്‍ മാധ്യമങ്ങളെയും പി ജയരാജന് വിമര്‍ശിച്ചു. ‘മാര്‍ക്സിസത്തെ ഇല്ലാതാക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. വ്യാജ പ്രചരണം അഴിച്ചു വിടുകയാണ്. സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് മാധ്യമങ്ങള്‍ ഓര്‍ക്കുന്നില്ല’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്പെഷ്യല്‍ ഫണ്ടെന്ന പേരില്‍ രണ്ട് കോടി രൂപ സമാഹരിക്കലാണ് പാര്‍ട്ടി ലക്ഷ്യം. ജില്ലയിലെ പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് 500 രൂപ പിരിക്കാനാണ് നിര്‍ദേശം. കേസിലെ നിയമ നടപടികളിലേക്ക് കടക്കുന്നതിന് വേണ്ടിയാണ് പണപ്പിരിവ് നടത്തുന്നതെന്നാണ് വിവരം. ജനുവരി 20നകം പണം നല്‍കണമെന്നും ജോലിയുള്ളവര്‍ ഒരു ദിവസത്തെ ശമ്പളം തന്നെ സംഭാവനയായി നല്‍കണമെന്നുമാണ് പാര്‍ട്ടി അംഗങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശം. അതേസമയം ഇതാദ്യമായല്ല, സിപിഐഎം പെരിയ കേസില്‍ പണം പിരിക്കുന്നത്. 2021ലും വലിയ തോതില്‍ പാര്‍ട്ടി അംഗങ്ങളില്‍ നിന്നും പണം പിരിച്ചിരുന്നു.
നിലവില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്, രാഘവന് വെളുത്തേരി, എം കെ ഭാസ്കരന് എന്നിവരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം 225-ാം വകുപ്പ് അനുസരിച്ച് അഞ്ച് വര്‍ഷത്തെ ശിക്ഷയായിരുന്നു പ്രതികള്‍ക്ക് നേരത്തെ നല്‍കിയിരുന്നത്. കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും തടഞ്ഞില്ല എന്നതിനുള്ള അഞ്ചുവര്‍ഷം തടവ് ശിക്ഷ ചോദ്യം ചെയ്ത് നല്കിയ അപ്പീലിന് പിന്നാലെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതും ശിക്ഷാ വിധി മരവിപ്പിച്ചതും.
2019 ഫെബ്രുവരി 17 നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം കാസര്‍കോട് പെരിയില്‍ നടന്നത്. രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ ശരതിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊമ്പതുമായിരുന്നു പ്രായം.