ബത്തേരി: സഹകരണ ബാങ്കുകളിലെ നിയമനക്കോഴയുമായി ബന്ധപ്പെട്ട് വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ ഉൾപെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. എംഎൽഎ ഒന്നാം പ്രതിയാക്കി ആത്മഹത്യ പ്രേരണാക്കുറ്റത്തിനാണു കേസ്.
ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെകെ ഗോപിനാഥൻ, അന്തരിച്ച ഡിസിസി പ്രസിഡന്റ് പിവി. ബാലചന്ദ്രൻ എന്നിവരാണു മറ്റു പ്രതികൾ. തന്റെ ജീവന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഈ നാലു നേതാക്കൾക്കുമായിരിക്കും ഉത്തരവാദിത്തമെന്നു വിജയന്റെ ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിരുന്നു.
ബുധനാഴ്ചയാണ് ആത്മഹത്യ പ്രേരണാക്കുറ്റത്തിനു ബത്തേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് എൻഎം വിജയന്റെ കത്തിൽ പരാമർശിക്കുന്നവരെ പ്രതികളാക്കുകയായിരുന്നു. വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകന്റെയും മരണത്തിൽ അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസടുത്തത്.
കേസ് റജിസ്റ്റർ ചെയ്തതോടെ ഐസി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പൊലീസിനു മുന്നിൽ ഹാജരാകേണ്ടി വരും. അതേസമയം, സഹകരണ ബാങ്ക് നിയമനക്കോഴ പരാതികളിൽ എൻഎം വിജയൻ ഉൾപ്പെടെ 6 പേർക്കെതിരെ വഞ്ചനാക്കുറ്റത്തിനു കേസെടുത്തിരുന്നു. താളൂർ സ്വദേശി പത്രോസ്, പുൽപള്ളി സ്വദേശി സായൂജ്, അമ്പലവയൽ ആനപ്പാറ സ്വദേശി ഷാജി എന്നിവരുടെ പരാതിയിലാണു കേസെടുത്തത്.