കൊച്ചി: നടി ഹണി റോസ് പരാതി നൽകിയതിന് പിന്നാലെ വിശദീകരണവുമായി വ്യവസായി ബോബി ചെമ്മണൂർ. തെറ്റായ ഉദ്ദേശ്യത്തോടെ നടി ഹണി റോസിനോട് പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണൂർ പറഞ്ഞു. മാസങ്ങള്‍ക്ക് മുൻപാണ് ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്. ഇപ്പോൾ പരാതിയുമായി വരാൻ എന്താണ് കാരണമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘ ഹണി റോസിനെ മഹാഭാരതത്തിലെ കുന്തീദേവിയോട് ഞാൻ ഉപമിച്ചിരുന്നു. അത് ശരിയാണ്. ആ സമയത്ത് താരം പരാതി പറഞ്ഞിരുന്നില്ല. ഇപ്പോൾ കേസ് കൊടുത്തു എന്നറിഞ്ഞു. തെറ്റായ ഉദ്ദേശ്യമൊന്നും എനിക്ക് ഇല്ലായിരുന്നു. കുന്തീദേവി എന്നു പറഞ്ഞാൽ അതിൽ മോശമായ കാര്യമൊന്നും ഇല്ല. കുന്തീദേവി എന്നു പറഞ്ഞതിൽ ദ്വയാർഥമുണ്ടെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. ചടങ്ങിൽ വരുമ്പോള്‍ താരങ്ങളെ ആഭരണം അണിയിക്കാറുണ്ട്. പലപ്രാവശ്യം ചെയ്തിട്ടുണ്ട്. മോശമായ കാര്യമാണെന്ന് എനിക്കോ ഹണിക്കോ തോന്നിയിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് പെട്ടെന്ന് പരാതി കൊടുക്കാൻ കാരണമെന്ന് അറിയില്ല. തെറ്റിദ്ധരിച്ചായിരിക്കും പരാതി. ’’
‘‘ തെറ്റായ വാക്ക് ഉപയോഗിച്ചിട്ടില്ല. ഹണി റോസിന്റെ മാനേജർ എന്റെ മാനേജരോട് സംസാരിച്ചിരുന്നു. ഇഷ്ടമില്ലെങ്കിൽ അത്തരം വാക്കുകൾ ഉപയോഗിക്കില്ലെന്ന് ഞാൻ പറഞ്ഞു. പറഞ്ഞ കാര്യങ്ങൾ താരം തമാശയായി എടുക്കുമെന്നാണ് കരുതിയത്. എന്റെ വാക്കുകളെ പലരും സമൂഹമാധ്യമത്തിൽ മറ്റൊരു രീതിയിൽ പ്രയോഗിച്ചതാകാം പരാതിക്ക് ഇടയാക്കിയത്. ഞാൻ പറയാത്ത വാക്ക് സമൂഹമാധ്യമത്തിൽ ചിലർ ഉപയോഗിച്ചു. അത് അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കാം.’’–ബോബി ചെമ്മണൂര്‍ പറഞ്ഞു.