കായംകുളം: ആലപ്പുഴയിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗമടക്കം 218 പേർ ബിജെപിയിൽ ചേർന്നു. ബിജെപിയിലേക്കെത്തിയ അംഗങ്ങളെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇവരെ ഷാളണിയിച്ച് സ്വീകരിച്ചു. സിപിഎം കരീലക്കുളങ്ങര ലോക്കൽ കമ്മിറ്റിയംഗവും സിഐടിയു നേതാവുമായ സക്കീർ ഹുസൈനാണ് ബിജെപിയിൽ ചേർന്നത്. ഇദ്ദേഹം കുടുംബത്തോടൊപ്പമാണ് യോഗത്തിനെത്തിയത്.
പത്തിയൂർ പഞ്ചായത്ത് മുൻ അംഗം കൂടിയാണ് സക്കീർ ഹുസൈൻ. സിപിഎമ്മിന്റെ അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ 49 പാർട്ടി അംഗങ്ങൾ ബിജെപിയിൽ ചേർന്നതായി നേതാക്കൻമാർ പറഞ്ഞു. ഡിവൈഎഫ്ഐ മുൻ മേഖലാസെക്രട്ടറി സമീറും ബിജെപിയിൽ ചേർന്നിട്ടുണ്ട്. കോൺഗ്രസിൽനിന്ന് 27 പേരും ബിജെപിയിൽ ചേർന്നിട്ടുണ്ട്.
പത്തിയൂരിൽനിന്ന് 62 പേരും ദേവികുളങ്ങരയിൽനിന്നു 96 പേരും ചേരാവള്ളി മേഖലയിൽനിന്നു 49 പേരും കണ്ടല്ലൂരിൽനിന്നു 46 പേരും പാർട്ടിയിൽ ചേർന്നു. സിപിഎം ജില്ലാ പഞ്ചായത്തംഗം ബിപിൻ സി ബാബു അടുത്തിടെ സിപിഎം വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ബിപിൻ സി. ബാബുവിനോട് അടുപ്പമുള്ളവരാണ് ഇപ്പോൾ സിപിഎം വിട്ട് ബിജെപിയിൽ ചേർന്നവരിൽ ഏറിയ പങ്കുമെന്നാണ് അറിയുന്നത്.