ബെംഗളൂരു: ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്എംപിവി (ഹ്യൂമൻ മെറ്റന്യൂമോ) വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ മൂന്നുമാസം പ്രായമുള്ള കുട്ടിക്കും എട്ടുമാസം പ്രായമുള്ള കുട്ടിക്കും വൈറസ് സ്ഥിരീകരിച്ചെന്നു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടികൾക്കു വിദേശയാത്രാ പശ്ചാത്തലമില്ല. പരിശോധനയിൽ കുട്ടികൾ പോസിറ്റീവ് ആണെന്നു തെളിഞ്ഞതായി കർണാടക ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ കർണാടക സർക്കാർ അറിയിച്ചു. ഇന്ത്യയിൽ ആദ്യമായാണ് എച്ച്എംപിവി സ്ഥിരീകരിക്കുന്നത്.
എട്ടുമാസം പ്രായമുള്ള കുട്ടിയെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനയിൽ വ്യാപകമായ എച്ച്എംപിവിയുടെ അതേ വർഗത്തിൽപ്പെട്ട വൈറസ് ആണോയിതെന്നു വ്യക്തമല്ല. എച്ച്എംപിവിയെ നേരിടാൻ ഇന്ത്യ സജ്ജമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തണുപ്പു കാലത്തു ശ്വാസകോശ അണുബാധ സാധാരണമാണ്. ഇത്തരം അണുബാധകൾക്കെതിരെ മുൻകരുതൽ എടുക്കണം. ചുമയോ പനിയോ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
ചൈനയിൽ രോഗബാധ വർധിക്കുന്നതായി വാർത്താ ഏജൻസികളാണ് റിപ്പോർട്ട് ചെയ്തത്. ചൈനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്നു സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായെങ്കിലും അധികൃതർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും പടർന്നു പിടിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുട്ടികളെയും പ്രായമുള്ളവരെയുമാണ് ഈ വൈറസ് കാര്യമായി ബാധിക്കുന്നതെന്നാണു വിവരം. ഫ്ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെയോ ആദ്യം ശരീരത്തിൽ കയറുന്ന വൈറസ് രോഗപ്രതിരോധശേഷി കുറവുള്ളവരിൽ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കുമെന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്.