ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കും ഡ്രസിംഗ് റൂം വിവാദങ്ങള്‍ക്കും പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അവസാന ടെസ്റ്റില്‍നിന്നു പിന്‍മാറിയതു വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, കളിയിലെ വില്ലന്‍ ആരാണെന്നു ദിവസങ്ങള്‍ക്കുശേഷം വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന ചര്‍ച്ചകള്‍. നിരവധി വിജയങ്ങള്‍ക്ക് ഇന്ത്യയെ പാകപ്പെടുത്തിയ രാഹുല്‍ ദ്രാവിഡിനുശേഷം ഹെഡ് കോച്ചായി എത്തിയ ഗൗതം ഗംഭീറിന്റെ തന്ത്രങ്ങളെല്ലാം പാളുന്നെന്നാണ് ക്രിക്കറ്റ് ലോകത്തുനിന്ന് ഉയരുന്ന വിമര്‍ശനം. അദ്ദേഹത്തെ കോച്ചാക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നെന്നും ഉടന്‍ തെറിച്ചേക്കുമെന്നുവരെ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലാണ് ഇന്ത്യയുടെ ഏറ്റവും വലിയ അവസാനത്തെ വിജയം. ഗംഭീറിനു കീഴില്‍ കളിച്ച കളികളെല്ലാം ഇന്ത്യ അമ്പേ പരാജയപ്പെട്ടതായിരുന്നു. ഇന്ത്യക്കു ശ്രീലങ്കയിലെ വണ്‍ഡേ സീരീസ് നഷ്ടമായി. അതുപോലെ ന്യൂസിലന്‍ഡുമായി നടത്തിയ ടെസ്റ്റ് സീരീസില്‍ ഇന്ത്യ 3-0ന് ആണ് പൊട്ടിയത്. ഓസ്‌ട്രേലിയയിലും 1-2 എന്ന നിലയില്‍ ഇന്ത്യ അമ്പേ പരുങ്ങലിലുമാണ്. അവസാന കളിയില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല.
ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ടിലാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ ഉള്ളത്. കോച്ച് എന്ന നിലയില്‍ രവി ശാസ്ത്രിയെയോ, രാഹുല്‍ ദ്രാവിഡിനെപ്പോലെയോ കളിക്കാരുമായി മികച്ച ആശയ വിനിമയം ഗംഭീറിനു സാധ്യമാകുന്നില്ല. കളിക്കാരെ തെരഞ്ഞെടുക്കുന്ന കാര്യത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഓരോ അംഗങ്ങളുമായി വ്യക്തിപരമായി സംസാരിച്ചിരുന്നു. എന്നാല്‍, ഗംഭീര്‍ ചാര്‍ജ് എടുത്തതിനുശേഷം അത്ര ജൂനിയര്‍ അല്ലാത്ത കളിക്കാരെ പോലും ഏകപക്ഷീയമായി ഒഴിവാക്കുന്നതിനെക്കുറിച്ചു വിശദീകരിക്കാന്‍ തയാറായില്ലെന്നും രോഹിത് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കളിക്കാരും ഗംഭീറിന്റെ കോച്ചിംഗ് രീതിയില്‍ സന്തുഷ്ടരല്ല. ഗംഭീര്‍ വ്യക്തിപരമായി നിശ്ചയദാര്‍ഢ്യമുള്ള കളിക്കാരനായിരുന്നു എങ്കിലും കോഹ്‌ളിക്കോ രോഹിത്തിനോ അദ്ദേഹത്തില്‍ വിശ്വാസമില്ല. ടെസ്റ്റ് മാച്ചിനുശേഷം ചാമ്പ്യന്‍സ് ട്രോഫി മത്സരവും ഉണ്ട്. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ ഗംഭീറിന്റെ സ്ഥിതിയും അത്ര മെച്ചമാകില്ലെന്നും മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ ഏജന്‍സിയോടു വെളിപ്പെടുത്തി.
ഗംഭീര്‍ ആയിരുന്നില്ല ബിസിസിഐയുടെ ആദ്യത്തെ ചോയ്‌സ്. അത് വിവിഎസ് ലക്ഷ്മണ്‍ ആയിരുന്നു. വിദേശത്തുനിന്നുള്ളവരുടെ പേരും ഉണ്ടായിരുന്നെങ്കിലും മൂന്നു ഫോര്‍മാറ്റുകളിലും കോച്ചാകാന്‍ അവന്‍ താത്പര്യപ്പെട്ടില്ല. മറ്റു ചില രാഷ്ട്രീയ താത്പര്യങ്ങളും ഗംഭീറിന്റെ നിയമത്തിനു പിന്നിലുണ്ടെന്നും അദ്ദേഹം പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ പറഞ്ഞു വയ്ക്കുന്നു.
ഈ വര്‍ഷത്തെ ചാമ്പ്യന്‍ ട്രോഫിക്കു മുമ്പായി കളിക്കാരുടെ സ്ഥാനത്തിലും മാറ്റം വരുത്താന്‍ ഉദ്ദേിക്കുന്നുണ്ട്. സെലക്്ഷന്‍ കമ്മിറ്റിയുമായും ഗംഭീറിന് ആശയവിനിമയത്തില്‍ പ്രശ്‌നങ്ങളുണ്ട്. ചാമ്പ്യന്‍സ് ട്രോഫിക്കു മുമ്പ് ടീമിനെ സുസ്ഥിരമാക്കിയില്ലെങ്കില്‍ ഗംഭീറിന്റെ സ്ഥാനത്തിനും ഭീഷണിയാകും.
Leave a Comment