കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ പരിപാടിയിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ആരോപണം. ഗാലറിയിൽനിന്ന് ആളുകൾ താഴേക്ക് വീഴാതിരിക്കാനുള്ള സുരക്ഷാ മുന്നൊരുക്കങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ആക്ഷേപം. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഉമാ തോമസ് എംഎൽഎ വേദിയിൽനിന്ന് 15 അടി താഴ്ചയിലേക്ക് വീണത്. നൃത്തസന്ധ്യയിൽ പങ്കെടുക്കാനെത്തിയ വിഐപികൾക്കായി ഒരുക്കിയ വേദിയിൽനിന്ന് അവർ താഴേക്ക് പതിക്കുകയായിരുന്നു.
പതിനായിരക്കണക്കിന് ആളുകൾ ക്രിക്കറ്റ് അടക്കമുള്ള കായിക മത്സരങ്ങൾ കാണാനെത്തുന്ന സ്റ്റേഡിയമാണ് കലൂരിലേത്. ഇതുവരെ ഇത്തരത്തിലൊരു അപകടം സ്റ്റേഡിയത്തിൽ ഉണ്ടായിട്ടില്ല. സ്റ്റേഡിയത്തിന്റെ പുറത്തുനിന്ന് അകത്തേക്കു പടികൾ കയറി ഒന്നാം നിലയിലേക്കും അവിടെനിന്നു രണ്ടാം നിലയിലേക്കും പ്രവേശിക്കാവുന്ന രീതിയിലാണ് സ്റ്റേഡിയത്തിന്റെ ഘടന.
കായിക മത്സങ്ങൾ നടക്കുമ്പോൾ ഗാലറിയുടെ താഴേക്ക് ആളുകൾ പതിക്കാതിരിക്കാൻ കട്ടിയേറിയ കമ്പിവേലിയും ഒപ്പം സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടാകാറുണ്ട്. കലാപരിപാടിക്കായി തയാറാക്കിയ വേദി ഒന്നാം നിലയിലായിരുന്നു. ഇതിന്റെ മുന്നിലേക്ക് ആളുകൾ പതിക്കാതിരിക്കാൻ റിബൺ ഘടിപ്പിച്ച ചെറിയ ബാരിക്കേഡ് മാത്രമാണ് ഉണ്ടായിരുന്നത്. വേദിയിൽ ആളുകൾക്ക് ഇരിക്കാനും, താഴ്ചയിലേക്ക് വീഴാതെ നടക്കാനുമുള്ള ദൂരം വളരെ കുറവായിരുന്നു.
ഒന്നാം നിലയിലേക്ക് കയറിവന്ന ഉമ അരികിലെ കസേരയിലാണ് ആദ്യം ഇരുന്നത്. തുടർന്ന് വേദിയുടെ നടുക്കുണ്ടായിരുന്നവരെ കാണാനായി മുന്നോട്ടു നടക്കുന്നതിനിടെ വശത്തുണ്ടായിരുന്ന റിബൺ ഘടിപ്പിച്ച ബാരിക്കേഡിൽ പിടിച്ചു. താൽക്കാലികമായി വച്ച ബാരിക്കേഡിൽ പിടിച്ച് ബാലൻസ് നഷ്ടപ്പെട്ട് അവർ താഴേക്ക് വീണു. കോൺക്രീറ്റ് തറയിലേക്കാണു തലയടിച്ചു വീണത്. സംഘാടകരും സ്ഥലത്തുണ്ടായിരുന്ന മെഡിക്കൽ സംഘവും ഉടനെ ആംബുലൻസിലേക്ക് മാറ്റി അടുത്തുള്ള പാലാരിവട്ടം റിനൈ ആശുപത്രിയിലേക്ക് എത്തിച്ചു.
അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കലക്ടർ അടക്കമുള്ളവർ ആശുപത്രിയിലെത്തി.
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടു സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടെയാണ് അപകടം. സ്റ്റേഡിയത്തിൽ വിഐപികൾക്കായി 40 കസേരകൾ ഇട്ടിരുന്നു. അവിടെ മന്ത്രി സജി ചെറിയാനും മറ്റും ഇരിക്കുന്നുണ്ടായിരുന്നു. അവിടേക്കു നടന്നു വന്നപ്പോഴാണ് എംഎൽഎ താഴേക്കു വീണത്. കോൺക്രീറ്റിൽ തലയിടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. രക്തസ്രാവമുണ്ടായതിനെ തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. കൊണ്ടുപോകുമ്പോൾ എംഎൽഎയ്ക്കു ബോധമുണ്ടായിരുന്നു. സ്കാനിങിന് വിധേയയാക്കി. കോൺഗ്രസ് നേതാക്കളും സ്റ്റാഫ് അംഗങ്ങളും ആശുപത്രിയിലുണ്ട്.
‘‘ഉമാ തോമസിന് ശ്വാസകോശത്തിനും തലയ്ക്കും നട്ടെല്ലിനും സാരമായി പരുക്കേറ്റതായി ഡോക്ടർമാർ അറിയിച്ചു. 15 അടി പൊക്കത്തിൽ നിന്നാണു വീണത്. വെന്റിലേറ്ററിലേക്കു മാറ്റി. സ്കാനിങിൽ തലയ്ക്കു പരുക്കുണ്ടെന്ന് കണ്ടെത്തി. ശ്വാസകോശത്തിനും നട്ടെല്ലിനും പരുക്കുണ്ട്. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചു. ശരീരം മൊത്തം എക്സ്റേ എടുത്തു. മറ്റ് പരുക്കുകൾ കാണുന്നില്ല. പ്രധാനമായി നോക്കുന്നത് തലച്ചോറിലെയും ശ്വാസകോശത്തിലെയും പരുക്കാണ്. മുഖത്ത് മുറിവുകളുണ്ട്. വളരെയധികം രക്തസ്രാവമുണ്ട്. ശസ്ത്രക്രിയ ഇപ്പോൾ ആവശ്യമില്ല. ബോധരഹിതയാണെന്നും ആരോഗ്യസ്ഥിതി മെച്ചമാണെന്നും ഇപ്പോൾ പറയാൻ കഴിയില്ല’’– ഡോക്ടർമാർ പറഞ്ഞു.