മുളങ്കുന്നത്തുകാവ്: ലക്ഷങ്ങള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞിട്ടും വര്‍ഷങ്ങളായി അടഞ്ഞുകിടന്ന ഗവ. മെഡിക്കല്‍ കോളജ് കാമ്പസിലെ അതിഥി മന്ദിരം തുറന്നു. ആശുപത്രിയിലെത്തുന്ന സാധാരണക്കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലാണു കെട്ടിടം തുറക്കുന്നത്. ആവശ്യത്തിനു ജീവനക്കാരെയും നിയമിച്ചു.
ഔദ്യോഗിക ജോലികള്‍ക്കായി കോളജിലോ ആശുപത്രിയിലോ എത്തുന്നവര്‍ക്കും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും മുറികള്‍ ലഭിക്കും. ആശുപത്രി പേവാര്‍ഡില്‍ ഒരു മുറിക്ക് 800 രൂപയാണു പ്രതിദിന വാടക. അതിഥി മന്ദിരത്തില്‍ സാധാരണ മുറിക്ക് 500 രൂപയും എസി അടക്കമുള്ള മുറിക്ക് ആയിരം രൂപയുമാണു വാടക. ചുറ്റും സിസിടിവി കാമറകളും സ്ഥാപിച്ചു.
മെഡിക്കല്‍ കോളജില്‍ പരിശോധനകള്‍ക്കു ഡല്‍ഹിയില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുവേണ്ടിയാണു മന്ദിരം നിര്‍മിച്ചത്. എന്നാല്‍, ഉദ്യോഗസ്ഥര്‍ ഇതുപയോഗിക്കാറില്ല. തുടര്‍ന്നാണ് കെട്ടിടം അനാഥമായത്. വര്‍ഷങ്ങളായി കെട്ടിടം ഒഴിഞ്ഞുകിടക്കുന്നതു ശ്രദ്ധയില്‍പെട്ട പ്രിന്‍സിപ്പല്‍ ഡോ. കെ.എന്‍. അശോകന്‍, ആശുപത്രി സൂപ്രണ്ട് ഇന്‍-ചാര്‍ജ് ഡോ. രാധിക, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.വി. സന്തോഷ് എന്നിവരയുടെ നേതൃത്വത്തിലാണു മന്ദിരം തുറക്കാനുള്ള തീരുമാനമെടുത്തത്. മുറികള്‍ ബുക്ക് ചെയ്യാനുള്ള നമ്പര്‍: 0487 2472030