യുഎസിൽ ഇനി ആണും പെണ്ണും എന്ന രണ്ട് ജെൻഡറുകൾ മാത്രമെ ഉണ്ടാവുകയുള്ളുവെന്നും ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫിനിക്‌സിൽ നടന്ന ചടങ്ങിൽ യുവാക്കളെ അഭിസംബോധന ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാത്രമല്ല സ്ത്രീയും പുരുഷനുമെന്ന രണ്ടു ജെൻഡർ മാത്രമെന്നത് അമേരിക്കൻ ഗവൺമെന്റിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. കൂടാതെ ട്രാൻസ്ജെൻഡറുകളെ സൈന്യം, സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് പുറത്താക്കാനുള്ള ഉത്തരവുകളിൽ ഉടൻ ഒപ്പിടുമെന്നും ട്രംപ് പറഞ്ഞു. സ്ത്രീകളുടെ കായിക ഇനങ്ങളിൽ നിന്ന് പുരുഷന്മാരെ പുറത്താക്കും. അതു പോലെ കുട്ടികളുടെ ചേലാകർമ്മം അവസാനിപ്പിക്കാനുള്ള ഉത്തരവിലും ഒപ്പിടുമെന്ന് ട്രംപ് വ്യക്തമാക്കി.
ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ പാർട്ടികൾ ട്രാൻസ്ജെൻഡർ രാഷ്ട്രീയത്തിൽ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ ട്രംപിന്റെ നിലപാട് യുഎസ് രാഷ്ട്രീയത്തിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. പ്രസംഗത്തിൽ ട്രംപ് തന്റെ വരാനിക്കുന്ന പദ്ധതികളെ കുറിച്ചും വ്യക്തമാക്കിയിരുന്നു.
കൂടാതെ കുടിയേറ്റ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുമെന്നും മയക്കുമരുന്ന് സംഘങ്ങളെ വിദേശ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുമെന്നും പനാമ കനാലിലെ യുഎസ് നിയന്ത്രണം പുനഃസ്ഥാപിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതിനൊപ്പം യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുമെന്നും മിഡിൽ ഈസ്റ്റിലെ അരാജകത്വം അവസാനിപ്പിക്കുമെന്നും മൂന്നാം ലോക മഹായുദ്ധം തടയുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ മണ്ണിൽ പ്രവർത്തിക്കുന്ന ക്രിമിനൽ ശൃംഖലയെ തകർക്കുകയും അതിലുൾപ്പെട്ടവരെ നാടുകടത്തുകയും നശിപ്പിക്കുകയും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.