കോഴിക്കോട്: പത്താം ക്ലാസിലെ കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയത് എംഎസ് സൊല്യൂഷൻസാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സ്ഥാപനത്തിനെതിരെ കേസെടുത്തു. തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ തയാറാക്കിയിരിക്കുന്നത്.
ചോദ്യപേപ്പർ ചോർച്ചയിൽ എംഎസ് സൊല്യൂഷൻസ് ഉടമകളുടെ മൊഴി വൈകാതെ രേഖപ്പെടുത്തും. സ്ഥാപനത്തിലെ അധ്യാപകരും ജീവനക്കാരും അന്വേഷണ പരിധിയിൽ വരും. വിദ്യഭ്യാസ വകുപ്പിലെ ജീവനക്കാർക്കു ഇതുമായി ബന്ധപ്പെട്ട് പങ്കുണ്ടോയെന്ന് അറിയാൻ വിശദ അന്വേഷണവും നടത്തും. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേരത്തെ പരാതി നൽകിയ അധ്യാപകരുടെയും മൊഴിയെടുപ്പ് പൂർത്തിയായതിനു പിന്നാലെയാണ് അന്വേഷണ സംഘത്തിൻറെ നീക്കം. മറ്റു സ്വകാര്യ ട്യൂഷൻ സെന്ററുകളെയും അന്വേഷണസംഘം നിരീക്ഷിക്കുന്നതായാണ് വിവരം.