പാലക്കാട്: നാല് വിദ്യാർത്ഥിനികളുടെ ദാരുണമായ മരണത്തിന് കാരണമായ ലോറി അമിത വേഗത്തിൽ ആയിരുന്നുവെന്ന് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കരിമ്പ സ്കൂൾ വിദ്യാർത്ഥിനി അജ്‌നയുടെ വെളിപ്പെടുത്തൽ. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്ത് നിന്നും രണ്ട് ലോറികള്‍ വന്നു. ഇതില്‍ പാലക്കാട് നിന്ന് വന്ന ലോറിയാണ് സുഹൃത്തുക്കളുടെ ദേഹത്തേയ്ക്ക് വീണതെന്നും അജ്‌ന പറയുന്നു.
കൂട്ടുകാരുടെ വേർപാടിനെ കുറിച്ച് അജ്നയുടെ വാക്കുകൾ.
മരിച്ച നാല് കുട്ടികളും ഞാനും എപ്പോഴും ഒരുമിച്ചാണ് സ്‌കൂളിലേക്ക് പോയിരുന്നത്.
മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് വണ്ടി വരുന്നുണ്ടായിരുന്നു. പാലക്കാട് ഭാഗത്ത് നിന്ന് മറ്റൊരു വണ്ടിയും വരുന്നത് കണ്ടു.
മണ്ണാർക്കാട്നിന്ന് വന്ന ലോറി സ്പീഡിലാണ് വന്നത്. ഈ ലോറി ഞങ്ങളുടെ മുന്നില്‍ എത്തി ചെരിഞ്ഞു. പാലക്കാട് നിന്ന് വന്ന ലോറി ഈ ലോറിക്ക് പിന്നിലിടിച്ച് കൂട്ടുകാരികളുടെ മേലേയ്ക്ക് വീണു. പിന്നിൽ നിന്ന് വാഹനം വരുന്നത് ഞാന്‍ കണ്ടില്ല. എന്റെ വശത്തു കൂടെയാണ് ലോറി പോയത്. ഞാന്‍ ചാടിയപ്പോള്‍ ഒരു കുഴിയില്‍ വീണു. ഞങ്ങള്‍ ഒരുമിച്ചാണ് എപ്പോഴും സ്‌കൂളിലേക്ക് പോകുകയും വരികയും ചെയ്യുക. എപ്പോഴും ഒരുമിച്ചാണ്. എന്റെ പുസ്തകങ്ങളെല്ലാം അവരുടെ കയ്യിലാണ്. എന്റെ കയ്യിലുള്ളത് അവരുടെ പുസ്തകമാണ്’, അജ്‌ന പറഞ്ഞു.
നാളെത്തെ പരീക്ഷയെക്കുറിച്ചും നാളെ നേരത്തെ വരണമെന്നും പറഞ്ഞാണ് തങ്ങൾ നടന്നു വന്നതെന്നും അജ്‌ന പറഞ്ഞു. ഐസ്‌ക്രീം കഴിച്ച് നടക്കുകയായിരുന്നുവെന്നും പരീക്ഷ എളുപ്പമാണ്, ജയിക്കുമെന്നെല്ലാം കുട്ടികള്‍ പറഞ്ഞിരുന്നുവെന്നും അജ്‌ന കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച വൈകിട്ട് 3.45 ഓടെയാണ് അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ നിയന്ത്രണംവിട്ടുവന്ന സിമന്റ് ലോറി ഇവരുടെ ദേഹത്തേയ്ക്ക് മറിയുകയായിരുന്നു. ഇര്‍ഫാന, നിദ, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. അജ്‌നയുടെ പിതാവിന്റെ സഹോദരന്റെ മകളാണ് ഇര്‍ഫാന.