ബംഗളൂരു: ലക്ഷ്യസ്ഥാനം കണ്ടെത്താൻ ഗൂഗിൾ മാപ്പിന്റെ സഹായം തേടിയ കാർ യാത്രക്കാർ വഴിതെറ്റി എത്തിയത് കൊടുംവനത്തിൽ. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് ഗോവയിലേക്ക് പോയ 6 ബിഹാർ സ്വദേശികളാണ് വഴിതെറ്റി ബെളഗാവിയിലെ ഖാനാപുര ഭീംഗഡ് വന്യജീവിസങ്കേതത്തിൽ കുടുങ്ങിയത്.
25 കിലോമീറ്റർ കൂടി പിന്നിട്ടാൽ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നാണ് മാപ്പിൽ കണ്ടത്. സിന്ധന്നൂർ–ഹെമഗാദ സംസ്ഥാന പാതയിൽ നിന്ന് ഇടറോഡിലേക്ക് തിരിഞ്ഞ് 8 കിലോമീറ്റർ പിന്നിട്ടതോടെ ടാർ റോഡ് കാണാതായി. ജനവാസമില്ലാത്ത മേഖലയിൽ കാറിന്റെ ചക്രങ്ങൾ ചെളിയിൽ കുടുങ്ങി.
മൊബൈൽ ഫോണിന് സിഗ്‌നൽ ലഭിക്കാതെ വന്നതോടെ ഇവർ കുടുങ്ങി. രാവിലെ കാട്ടിലൂടെ നടന്ന് സിഗ്‌നൽ കണ്ടെത്തി പൊലീസിനെ വിവരമറിയിച്ചു. 2 മണിക്കൂറിനുള്ളിൽ 30 കിലോമീറ്റർ സഞ്ചരിച്ച് പൊലീസെത്തിയാണ് വെള്ളവും ഭക്ഷണവും നൽകിയത്. ചെളിയിൽ നിന്ന് കാർ കരയ്ക്കു കയറ്റി ഗോവയിലേക്കുള്ള പ്രധാന റോഡ് വരെ അനുഗമിച്ചാണ് പൊലീസ് സംഘം മടങ്ങിയത്. മാസങ്ങൾക്ക് മുൻപും ഈ റൂട്ടിൽ ഗൂഗിൾ മാപ്പ് കാണിച്ചുകൊടുത്ത വഴിയിലൂടെ സഞ്ചരിച്ച കാർ യാത്രികർ വനത്തിൽ അകപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.
Leave a Comment