ലക്നൗ: കോൺഗ്രസിൻ്റെ ഉത്തർപ്രദേശ് സംസ്ഥാന ഘടകം ഉൾപ്പെടെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ട് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രദേശ്, ജില്ല, സിറ്റി, ബ്ലോക്ക് കമ്മിറ്റികളാണ് അടിയന്തരമായി പിരിച്ചുവിട്ടത്. കോൺഗ്രസിന്റെ സംസ്ഥാന ഘടകം പുനഃസംഘടിപ്പിക്കാനും താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനുമാണ് നീക്കമെന്നാണ് വിവരം. ലോക്സഭ തിരഞ്ഞെടുപ്പിനു ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്താതെ ഇന്ത്യാ സഖ്യം സ്ഥാനാർഥികളെ പിന്തുണയ്ക്കുകയായിരുന്നു കോൺഗ്രസ്.
2027ലെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് പിരിച്ചുവിടൽ എന്നാണ് സൂചന. 403 നിയമസഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ അധികാരം പിടിക്കുക ഇന്ത്യാ സഖ്യത്തിന്റെ അഭിമാന പ്രശ്നമാണ്. നിലവിൽ കോൺഗ്രസിനു ദുർബല സാന്നിധ്യമുള്ള നിയമസഭാ സീറ്റുകളിൽ ഈ പുനഃസംഘടന കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
ജാതി സമവാക്യങ്ങൾ കണക്കിലെടുത്ത് ഗ്രാമങ്ങളിലും നഗരങ്ങളിലും പാർട്ടിയെ പുനഃസംഘടിപ്പിക്കുന്നതിലാണു കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുക. നവംബർ 6ന് ഖർഗെ ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും അതിന്റെ കീഴിലുള്ള യൂണിറ്റുകളും പിരിച്ചുവിട്ടിരുന്നു.