തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരായി. ഹൈദരാബാദിലെ, നാഗചൈതന്യയുടെ കുടുംബത്തിൻറെ ഉടമസ്ഥതയിലുള്ള അന്നപൂർണ ഫിലിം സ്റ്റുഡിയോസിൽ ഇന്നലെ രാത്രിയായിരുന്നു വിവാഹം. ഇരുവരുടേയും വിവാഹത്തിൻറെ ചിത്രങ്ങൾ നാഗാർജുന സോഷ്യൽ മീഡിയയിലൂടെ ആദ്യം പങ്കുവച്ചു.
ഗോൾഡൻ സിൽക്ക് സാരിയാണ് ശോഭിത വിവാഹത്തിന് ധരിച്ചത്. വെളുത്ത നിറത്തിലുള്ള പരമ്പരാഗത വസ്ത്രം ധരിച്ചാണ് നാഗചൈതന്യ എത്തിയത്. ചിരഞ്ജീവി, പിവി സിന്ധു, നയൻതാര, ജൂനിയർ എൻടിആർ, രാം ചരൺ, ഉപാസന കോനിഡെല, മഹേഷ് ബാബു, നമ്രത ശിരോദ്കർ, അക്കിനേനി, ദഗുബാട്ടി കുടുംബാംഗങ്ങൾ തുടങ്ങി വലിയ താരനിരതന്നെ വിവാഹത്തിൽ പങ്കുകൊള്ളാൻ എത്തിയിരുന്നു.
നയൻതാര- വിഘ്നേഷ് ശിവൻ വിവാഹത്തിനു പിന്നാലെ നാഗചൈതന്യ- ശോഭിത ധൂലിപാല വിവാഹത്തിൻറെ ഒടിടി റൈറ്റ്സും പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് വാങ്ങി. 50 കോടിയാണ് ഇതിനായി നെറ്റ്ഫ്ലിക്സ് മുടക്കിയിരിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.
കഴിഞ്ഞ ഓഗസ്റ്റിൽ ഹൈദരാബാദിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്. വിവാഹനിശ്ചയ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ ആദ്യം പങ്കുവച്ചത് നാഗാർജുന ആയിരുന്നു.
“അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വീകരിക്കുന്നതിൻറെ ആഹ്ലാദാതിരേകത്തിലാണ് ഞങ്ങൾ. ഇരുവർക്കും ആശംസകൾ. ഒരു ജീവിതകാലത്തെ സ്നേഹവും സന്തോഷവും അവർക്ക് ആശംസിക്കുന്നു. ദൈവം രക്ഷിക്കട്ടെ. അനന്തമായ സ്നേഹത്തിൻറെ തുടക്കം”, വിവാഹ നിശ്ചയ ചിത്രങ്ങൾക്കൊപ്പം നാഗാർജുന കുറിച്ചിരുന്നു. അതേസമയം നാഗചൈതന്യയുടെ രണ്ടാം വിവാഹമാണ് ഇത്. തെലുങ്ക് താരം സാമന്തയുമായുള്ള വിവാഹബന്ധം 2021 ഒക്ടോബറിലാണ് പിരിഞ്ഞത്.