കളർകോട് അപകടത്തിനു പിന്നിൽ മെഡിക്കൽ വിദ്യാർഥിയുടെ അശ്രദ്ധ- കേസെടുത്ത് പോലീസ്, കെഎസ്ആർടിസി ഡ്രൈവറെ കുറ്റവിമുക്തനാക്കി

ആലപ്പുഴ: കളർകോട് അഞ്ചു മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കാറോടിച്ച വിദ്യാർഥിക്കെതിരെ കേസെടുത്ത് ആലപ്പുഴ സൗത്ത് പോലീസ്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വാഹനമോടിച്ച ഗൗരിശങ്കറിനെ പ്രതിയാക്കിയത്. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. വാഹനമോടിച്ച വിദ്യാർഥിയുടെ വീഴ്ചയാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 (പഴയ ഐപിസി 304 എ) പ്രകാരമാണു പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അപകടത്തിനു തൊട്ടുമുൻപ് കെഎസ്ആർടിസിയെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തിൽ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണു മോട്ടർ വാഹനവകുപ്പിന്റെ നിഗമനം.

ആദ്യം തയ്യാറാക്കിയ എഫ്ഐആറിൽ കെഎസ്ആർടിസി ഡ്രൈവറെ കുറ്റക്കാരനാക്കിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയില്ലെന്നു കണ്ടെത്തുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടും എഫ്ഐആറിൽ ഡ്രൈവർ ഗുരുതര കുറ്റം ചെയ്തതായുള്ള പരാമർശത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊഴി രേഖപ്പെടുത്തിയാണ് വിദ്യാർഥിക്കെതിരേ കേസെടുത്തത്.

കാറോടിച്ച വിദ്യാർഥിയുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടിയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ആലപ്പുഴ എൻഫോഴ്സ്‌മെന്റ് ആർടിഒ അറിയിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ കണക്കിലെടുത്താണു നിലവിൽ നടപടിയെടുക്കാത്തതെന്നും പോലീസ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7