ജി സുധാകരനും ഭാര്യയും മനസുകൊണ്ട് ബിജെപിക്കാർ, താൻ അവരുടെ വീട്ടിലെത്തി ഷാൾ അണിയിച്ചിരുന്നു, ബിജെപിയിലായിരുന്നെങ്കിൽ ഇപി ജയരാജൻ ഏതെങ്കിലും സംസ്ഥാനത്തെ ബിജെപിയുടെ പ്രതിനിധിയോ, ഗവർണറോ ആയിരുന്നേനെ- ബി. ഗോപാലകൃഷ്ണൻ

തളിപ്പറമ്പ്: സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനും ഭാര്യയും മനസുകൊണ്ട് ബിജെപി അംഗത്വം സ്വീകരിച്ചവരാണെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ. ഏതാനും ദിവസങ്ങൾക്കു മുൻപ് അവരെ താൻ വീട്ടിൽ പോയി കണ്ട് കാര്യങ്ങൾ സംസാരിച്ച് ഷാൾ അണിയിച്ചിരുന്നുവെന്നും ഗോപാലകൃഷ്ണൻ. ആലപ്പുഴയിലെ വീട്ടിൽ പോയാണ് സുധാകരനെ നേരിൽ കണ്ടതെന്നും വീടിന്റെ ഗേറ്റിലേക്ക് വന്നാണ് തന്നെ സുധാകരൻ സ്വീകരിച്ചതെന്നും അത് ബിജെപിക്കുള്ള സ്വീകരണമായിട്ടാണ് കാണുന്നതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

കെടി ജയകൃഷ്ണൻ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി യുവമോർച്ചയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ നടത്തിയ റാലിയും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘‘ബിജെപി നേതൃത്വം അവധാനത കാണിക്കാതെ കോൺഗ്രസിനെ പോലെയായിരുന്നുവെങ്കിൽ കണ്ണൂരിലെ നേതാവ് ഇപി ജയരാജൻ കട്ടൻചായയും പരിപ്പുവടയും ഉപേക്ഷിച്ച് ഇപ്പോൾ ഇവിടെ ബിജെപിയുടെ വേദിയിൽ ഉണ്ടാകുമായിരുന്നു. വിശിഷ്ട വ്യക്തിത്വങ്ങളെ പോയി കാണണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ചാണ് കമ്യൂണിസ്റ്റുകാർ യഥാർഥ സഖാവായി കണക്കാക്കുന്ന ജി സുധാകരനെ കാണാൻ പോയത്. ഇക്കാര്യം ആദ്യം പുറത്തു പറയേണ്ടയെന്ന് തീരുമാനിച്ചതാണ്. പക്ഷേ പറയാതെ നിർവാഹമില്ല.

ഇത് നടന്നിട്ട് അധിക കാലമൊന്നും ആയിട്ടില്ല. ജി. സുധാകരനെ വീട്ടിൽ പോയി കണ്ട് ഷാൾ അണിയിക്കുകയും ഏകാത്മ മാനവ ദർശനം എന്ന പുസ്തകം സമ്മാനിക്കുകയും ചെയ്തു. അദ്ദേഹം എന്നെ സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടു പോയി. പിന്നീട് അദ്ദേഹത്തിന്റെ പത്നിയുമായി ഒരു മണിക്കൂറോളം സംസാരിച്ചു. ഞാൻ പറഞ്ഞ ഓരോ കാര്യങ്ങളും അവർ എണ്ണിയെണ്ണി പറ‍ഞ്ഞു. മനസ് കൊണ്ട് ബിജെപിയുടെ അംഗത്വം സ്വീകരിച്ച ആളുകളാണ് ജി. സുധാകരനും അദ്ദേഹത്തിന്റെ ഭാര്യയും എന്നതിൽ യാഥൊരു സംശയമില്ല’’ – ഗോപാലകൃഷ്ണൻ പറഞ്ഞു.

കോൺഗ്രസിനെ പോലെ ആയിരുന്നുവെങ്കിൽ കണ്ണൂരിലെ സഖാവായ ഇപി ജയരാജൻ ഇപ്പോൾ ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തെ ബിജെപിയുടെ പ്രതിനിധിയോ, ഗവർണറോ ആയിരുന്നേനെ. ഈ വേദിയിലും വന്ന് ഇരിക്കുമായിരുന്നു. കണ്ണൂരിൽ പിപി ദിവ്യയോടൊപ്പവും പത്തനംതിട്ടയിൽ നവീൻബാബുവിനും ഒപ്പം നിൽക്കുന്ന സിപിഎം ഇരട്ടത്താപ്പാണ് കാണിക്കുന്നത്.

കേരളത്തിൽ സിപിഎമ്മിനെ തകർക്കാൻ അമേരിക്കയിൽ നിന്ന് വിദഗ്ധ സംഘം എത്തിയിട്ടുണ്ടെന്നാണ് ഇപ്പോൾ ഇപി ജയരാജൻ പറയുന്നത്. അത് അദ്ദേഹത്തിന് മാത്രം അറിയുന്ന കാര്യമാണ്. അങ്ങനെ ആരെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ക്യാപ്റ്റൻ ഇപി ജയരാജൻ തന്നെയായിരിക്കും. സിപിഎമ്മിനെ നശിപ്പിച്ച് കൊണ്ടിരിക്കുന്നത് ഇപി ജയരാജനാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7