ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഫെയ്ഞ്ചൽ ചുഴലിക്കാറ്റായി മാറി കരതൊട്ടതോടെ തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ അതിശക്തമായ മഴ. ചെന്നൈയിൽ പല റോഡുകളും വെള്ളത്തിൽ മുങ്ങി. ശനിയാഴ്ച വൈകുന്നേരത്തോടെ പുതുച്ചേരിക്കടുത്ത് കരതൊട്ട ഫെയ്ഞ്ചലിന് മണിക്കൂറിൽ 90 കി.മി വേഗതയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. അതിനാൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
മൂന്ന് മണിക്കൂറിനുള്ളിൽ കാറ്റിന്റെ വേഗത വർധിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഇതോടെ ചെന്നൈ വിമാനത്താവളം ഞായറാഴ്ച രാവിലെ നാല് മണിവരെ അടച്ചിടാൻ അധികൃതർ തീരുമാനിച്ചു. നിരവധി റോഡ്, ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. നൂറിലേറെ വിമാന സർവീസുകൾ റദ്ദാക്കി. 19 വിമാന സർവീസുകൾ വഴിതിരിച്ചുവിട്ടു.
ചുഴലിക്കാറ്റിന്റെ മുന്നോടിയായി ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കള്ളക്കുറിച്ചി, കൂടലൂർ ജില്ലകളിൽ ശക്തമായ മഴയാണ്. ചെന്നൈയിൽ പല റോഡുകളും വെള്ളത്തിൽ മുങ്ങി. കൂടാതെ വരുന്ന മണിക്കൂറുകളിൽ റാണിപേട്ട്, തിരുവണ്ണാമലൈ, വെല്ലൂർ, പെരമ്പലൂർ, അരിയല്ലൂർ, തഞ്ചാവൂർ, തിരുവാരൂർ, മയിലാടുതുറെ, നാഗപട്ടണം എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴ മുന്നറിയിപ്പുമുണ്ട്. മണ്ണിടിച്ചലിനടക്കമുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
ഫസീലയുടെ കൊലപാതകത്തിനു പിന്നിൽ വ്യക്തിവൈരാഗ്യം, പീഡന പരാതി പിൻവലിച്ചില്ല, കേസിൽ ജയിലിൽ കിടക്കേണ്ടി വന്നതും വൈരാഗ്യം വർദ്ധിപ്പിച്ചു
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഒൻപതുജില്ലകളിലായി ജനങ്ങളെ മാറ്റിത്താമസിപ്പിക്കാനായി 2229 ദുരിതാശ്വാസകേന്ദ്രങ്ങൾ തയ്യാറാക്കിയതായി റവന്യുമന്ത്രി കെകെഎസ്ആർ രാമചന്ദ്രൻ അറിയിച്ചു. നാഗപട്ടണം, മൈലാടുതുറൈ, തിരുവാരൂർ, തഞ്ചാവൂർ, കടലൂർ, ചെന്നൈ, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ, കാഞ്ചീപുരം എന്നീ ജില്ലകളിലായാണ് ദുരിതാശ്വാസകേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.
നിലവിൽ തിരുവാരൂർ, നാഗപട്ടണം എന്നീ ജില്ലകളിലെ ആറുകേന്ദ്രങ്ങളിലായി 164 കുടുംബങ്ങളിലെ 471 പേർ കഴിയുന്നുണ്ട്. ചുഴലിക്കാറ്റുവീശാൻ സാധ്യതയുള്ള ജില്ലകളിലെ രക്ഷാപ്രവർത്തനത്തിന് ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകൾ സജ്ജമാണ്. ശനിയാഴ്ച ചുഴലിക്കാറ്റും മഴയുമുണ്ടാകുമെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തിൽ വെള്ളക്കെട്ടിൽ അകപ്പെടുന്നവരെ രക്ഷിക്കാൻ 806 ബോട്ടുകൾ, മണ്ണിടിച്ചലുണ്ടായാൽ മണ്ണ് നീക്കംചെയ്യാൻ 1193 ജെ.സി.ബി.കൾ, വൈദ്യുത വിതരണത്തിനായി 977 ജനറേറ്ററുകൾ എന്നിവ വിവിധജില്ലകളിലായി സജ്ജമാക്കിയിട്ടുണ്ട്.
കാറ്റിൽ കടപുഴകി വീഴുന്ന മരങ്ങൾ മുറിച്ചുമാറ്റാനായുള്ള 1786 യന്ത്രങ്ങളുമുണ്ടാകും. വെള്ളക്കെട്ടുണ്ടായാൽ പമ്പുചെയ്ത് നീക്കാനായി 2439 മോട്ടോർ സെറ്റുകളുമുണ്ടാകും. 24 മണിക്കൂറും അവശ്യസാധനങ്ങൾ വിതരണം ചെയ്യാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.