കൊച്ചി: കൊച്ചിയിൽ വിനോദയാത്രക്കെത്തിയ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് നിന്ന് കൊച്ചിയിൽ വിനോദയാത്രക്കെത്തിയ കട്ടിപ്പാറ കാരുണ്യതീരം സ്പെഷൽ സ്കൂളിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറൈൻ ഡ്രൈവിൽ യാത്ര ചെയ്ത ബോട്ടിൽ നിന്നാണ് ഇവർ ഉച്ചഭക്ഷണം കഴിച്ചത്. അറുപതിലേറെപ്പേരാണ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
കുട്ടികളും അദ്ധ്യാപകരും മാതാപിതാക്കളും അടങ്ങുന്ന 98 പേരടങ്ങുന്ന സംഘമാണ് കൊച്ചിയിലെത്തിയത്. രാവിലെ 4 മണിക്ക് പുറപ്പെട്ട സംഘം ഉച്ചക്ക് ഒരു മണിയോടെയാണ് മറൈന്‍ ഡ്രൈവിലെത്തിയത്. മരിയ ടൂര്‍സ് ആന്‍റ് ട്രാവല്‍സ് എന്ന ബോട്ടില്‍ കയറിയാണ് ഇവര്‍ കൊച്ചിക്കായല്‍ കാണാന്‍ പോയത്.
ബോട്ടില്‍ നിന്ന് വെജിറ്റേറിയൻ ഭക്ഷണമാണ് എല്ലാവരും കഴിച്ചത്. ഊണിനൊപ്പം കഴിച്ച തൈര് ആണ് പ്രശ്നമായതെന്നാണ് വിവരം പുറത്തുവരുന്നത്. തൈര് കഴിക്കാത്ത ആര്‍ക്കും പ്രശ്നങ്ങളൊന്നുമില്ല. സംഭവത്തില്‍ പരാതി നല്‍കണമോ എന്ന കാര്യത്തില്‍ ആലോചിച്ചുവരികയാണെന്നും ഇവര്‍ അറിയിച്ചു.