കൊച്ചി: പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോൽവിയിലെ വിവാദങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് മാത്രം എന്തിന് ചർച്ചയാകുന്നു? ചേലക്കര എന്തുകൊണ്ട് ചർച്ചയാകുന്നില്ല. വി ഡി സതീശനും കോൺഗ്രസ് നേതാക്കൾക്കും ചേലക്കരയിലെ ഉപ തിരഞ്ഞെടുപ്പ് പരാജയത്തിൽ ഉത്തരവാദിത്വമില്ലേ? എല്ലാ കണ്ണുകളും പാലക്കാട്ടേക്ക് മാത്രം എന്തിനാണ് വരുന്നത്. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് വിധി ശരിയായരീതിയിൽ വിലയിരുത്തും ആവശ്യമായിട്ടുള്ള തിരുത്തലുകളും ഉണ്ടാകും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടുകളെക്കാളും കുറഞ്ഞതെങ്ങിനെയെന്ന് പരിശോധിക്കും. ഓരോ ബൂത്തിലും ശരിയായ വിശകലവും പരിശോധനയും നടത്താനാണ് തീരുമാനമെന്ന് കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
വോട്ടുകൾ കുറഞ്ഞുവെന്നുള്ളത് വസ്തുതയാണ്. എല്ലാ തിരഞ്ഞെടുപ്പിലും വിജയിക്കുമ്പോൾ ക്രഡിറ്റ് മറ്റുള്ളവർക്കും പരാജയപ്പെടുമ്പോൾ പ്രഡിഡന്റിനും ആണ്. അതിൽ തനിക്ക് പരാതിയില്ല. ബിജെപിയിൽ സ്ഥാനമോഹികൾ ഇല്ല. ഉപതിരഞ്ഞെടുപ്പിൻ്റെ ഒരു വശം മാത്രമാണ് എല്ലാവരും കാണുന്നത്. എല്ലാ ഇടങ്ങളിലും മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചു. എല്ലാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് സ്ഥാനാർത്ഥി നിർണയത്തിന് ഓരോ രീതികൾ ഉണ്ട്. ഇത്തവണയും അത് തന്നെയാണ് സംഭവിച്ചത്.
പാലക്കാട്ടെ സ്ഥാനാർത്ഥി നിര്ണയത്തിനായി പാർട്ടിയുടെ കോർ കമ്മിറ്റിയായി ചുമതലപ്പെടുത്തിയത് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആണ്. അദ്ദേഹം പാലക്കാട് പോയി പഞ്ചായത്ത് തലം മുതൽ എല്ലാവരെയും കണ്ട് അഭിപ്രായ സമാഹരണം നടത്തി മൂന്ന് പേരുടെ നൽകി. അതിൽ രണ്ട് പേരിൽ മത്സരിക്കാൻ തയ്യാറല്ല എന്ന് അറിയിച്ചു. പിന്നീട് പാർലിമെൻ്ററി ബോഡ് വിശദമായ ചർച്ച നടത്തിയതിന് ശേഷമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. സി കൃഷ്ണകുമാർ അവസാന നിമിഷം വരെ സ്ഥാനാർത്ഥി ആകാൻ താൽപ്പര്യം ഇല്ല എന്നാണ് അറിയിച്ചത്. കോൺഗ്രസ് നടത്തുന്ന പ്രചാര വേലകൾ മാധ്യമങ്ങൾ ഏറ്റ പിടിക്കുകയാണ്. പരസ്യ പ്രസ്താവനകൾ ആര് നടത്തിയാലും അവ പരിശോധിക്കുമെന്ന് കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.