തിരുവനന്തപുരം: സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ്‌ഐ വിൽഫറിനെയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. വനിതാ സിവിൽ പൊലീസ് ഓഫിസറാണ് വിൽഫറിനെതിരെ പരാതി നൽകിയത്. വീട്ടിലെത്തി ഉപദ്രവിച്ചുവെന്നും പരാതിയിലുണ്ട്.
പൊലീസ് ആസ്ഥാനത്തെ സൈബർ വിഭാഗത്തിലെ വനിതാ കോൺസ്റ്റബിളാണ് സഹപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി നൽകിയത്. ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഗ്രേഡ് എസ്‌ഐ വിൽഫറിനെതിരെയാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഉദ്യോഗസ്ഥ പരാതി നൽകിയത്.
കഴിഞ്ഞ 16-ാം തീയതി ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വനിതാ ഉദ്യോഗസ്ഥയെ വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞ് വിൽഫർ കൂട്ടിക്കൊണ്ടുപോയി. വീട്ടിലെത്തിയ ശേഷം അവിടെ വച്ച് ഉപദ്രവിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഈ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
പരാതി പൊലീസ് അന്വേഷിക്കേണ്ടെന്നും ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയെന്നാണ് വിവരങ്ങൾ. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ സംഭവം പൊലീസ് ഗ്രൂപ്പുകളിൽ വലിയ ചർച്ചയായിരിക്കുകയാണ്. പൊലീസിലെ വനിതാ ഉദ്യോഗസ്ഥരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നതാണ് സംഭവമെന്നും വിലയിരുത്തപ്പെടുന്നു.