പാലക്കാട്: പാലക്കാടിനെ പുതിയ പാലക്കാടാക്കി മാറ്റുന്ന വികസന വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ടാണ് ഇടതുപക്ഷ സ്ഥാനാർത്ഥി പി. സരിൻ വോട്ടുപിടിക്കുന്നത്. ഓരോ വോട്ടർമാരോടും സരിൻ പറയുന്നത് ഇതാണ്. “കേവലം വാഗ്ദാനങ്ങളല്ല, മറിച്ച് ഉറപ്പാണ് ഞാൻ തരുന്നത്. എന്റെ വാഗ്ദാനങ്ങൾക്കും ഉറപ്പിനും ഭരണത്തിന്റെ കരുത്തുണ്ട്. പറഞ്ഞാൽ പറഞ്ഞ കാര്യം ചെയ്തിരിക്കും. മാറ്റാം നമുക്കീ പാലക്കാടിനെ, പുതിയ വികസനവഴിയിലേക്ക്, പുതിയ കുതിപ്പിന്റെ രഥത്തിലേറാൻ നമുക്ക് ഒന്നിച്ച് നിൽക്കാം”. അടിസ്ഥാന വികസനം, കായികം, വിദ്യാഭ്യാസം, ആരോഗ്യം, വിവര സാങ്കേതികമേഖല, കുടുംബശ്രീ, ടൂറിസം എന്നിങ്ങനെ സമസ്ത മേഖലകളിലും പുത്തൻ കുതിപ്പ് സൃഷ്ടിക്കുമെന്ന ഉറപ്പാണ് പാലക്കാടിനായി ഡോ. സരിൻ നൽകുന്നത്.
ഏറെ നൂതനവും ഭാവനാ സമ്പൂർണവുമായ വികസന പദ്ധതികളാണ് സരിൻ വിഭാവനം ചെയ്തിട്ടുള്ളത്. എഐ അടക്കമുള്ള സാങ്കേതിക വിദ്യകൾ പാലക്കാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്താൻ കഴിയും വിധത്തിലാണ് പത്ത് ഉറപ്പുകൾ സരിൻ മണ്ഡലത്തിന് നൽകുന്നത്. സ്‌കിൽ ഡെവലപ്പ്മെന്റ് സെന്റർ, മെഡിക്കൽ കോളേജ്, സ്പോർട്സ് ഹബ്ബ്, കുടുംബശ്രീ, വിനോദ സഞ്ചാരം, വിക്ടോറിയ, വയോജന സംരക്ഷണം, ഗതാഗത സൗകര്യം, ക്ലീൻ സിറ്റി, വർക്ക് നിയർ ഹോം എന്നിങ്ങനെ പത്ത് വിഭാഗങ്ങളിലായാണ് പദ്ധതികൾ നടപ്പാക്കുക. പാലക്കാട് വ്യവസായ പാർക്കിൽ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ പാലക്കാട് ഐ ഐ ടി, പോളിടെക്നിക്ക് ഐ ടി ഐ, വ്യവസായവകുപ്പ് തുടങ്ങിയവയുമായി ചേർന്ന് മണ്ഡലത്തിൽ സ്‌കിൽ ഡെവലപ്പ്മെന്റ് സെന്റർ യാഥാർഥ്യമാക്കും. ഇതുവഴി ഓരോ വർഷവും ആയിരം പേർക്ക് പരിശീലനവും തൊഴിലും ലഭ്യമാക്കുമെന്നും സരിൻ ഉറപ്പ് നൽകുന്നു.
രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ കോളേജാക്കി പാലക്കാട് മെഡിക്കൽ കോളേജിനെ മാറ്റാനുള്ള നടപടി കൈക്കൊള്ളും. മെഡിക്കൽ കോളേജ് സ്റ്റേഡിയം, ഇന്ദിരാഗാന്ധി സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം എന്നിവയെ രാജ്യാന്തരതലത്തിൽ ഉയർത്തി മുഴുവൻ കായിക താരങ്ങൾക്കും മികച്ച പരിശീലനം ലഭ്യമാക്കുന്ന സോപ്റ്റ്സ് ഹബ്ബായി പാലക്കാടിനെ മാറ്റും. കുടുബശ്രീ ഉൽപ്പന്നങ്ങൾ രാജ്യത്തും വിദേശത്തും വിൽപ്പന നടത്താനുള്ള സംവിധാനം സര്ക്കാര് സഹായത്തോടെ നടപ്പാക്കും. കേരളത്തിലേക്കെത്തുന്ന പത്ത് ശതമാനം വിനോദ സഞ്ചാരികളെയെങ്കിലും പാലക്കാട്ട് എത്തിക്കും. വിക്ടോറിയ കോളേജിൽ പുതുതലമുറ കോഴ്‌സുകൾ ആരംഭിക്കും.
ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങളുടെ ആവശ്യങ്ങൾ വീട്ടിലെത്തി നിറവേറ്റുന്ന പദ്ധതി കുടുംബശ്രീയുടെ സഹകരണത്തോടെ തുടങ്ങും. മാനസികോല്ലാസത്തിനായി വയോജന കേന്ദ്രങ്ങൾ ആരംഭിക്കും. ഗതാതകുരുക്കിന് ശാശ്വത പരിഹാരം, പാലക്കാട് നഗരത്തെയും ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന പൊതു ഗതാഗത സംവിധാനങ്ങളെ കൂടുതൽ ശക്തമാക്കും. രാജ്യത്തിനാകെ മാതൃകയാകുന്ന രീതിയിൽ ജനകീയ പങ്കാളിത്തത്തോടെ മാലിന്യ സംസ്കരണ പദ്ധതി കൊണ്ടുവരും. അഭ്യസ്തവിദ്യരായ വീട്ടമ്മമാർക്ക് പ്രാദേശിക തലത്തിൽ വർക്ക് നിയർ ഹോമുകൾ സജ്ജമാക്കും. ഇതിനൊപ്പം കൽപ്പാത്തി അടക്കമുള്ള മേഖലകളുടെ സമഗ്ര വികസനത്തിനും പദ്ധതികളുണ്ട്. ഇങ്ങനെ സമഗ്രവും ദീർഘ വീക്ഷണത്തോടും കൂടിയ പദ്ധതികളാണ് സരിൻ വിഭാവനം ചെയ്യുന്നതും ജനങ്ങൾക്ക് മുന്നിലേക്ക് അവതരിപ്പിക്കുന്നതും.
വളരെയേറെ വികസന സാധ്യതകളുള്ള നഗരമാണ് പാലക്കാട്. അനുദിനം വളരേണ്ട നഗരം ഇന്ന് ഏറെ പിന്നോക്കമാണ്. തകർന്നു കിടക്കുന്ന നഗര റോഡുകൾ, പ്രേതാലയം പോലെ കിടക്കുന്ന ടൗൺ ഹാൾ, ബസ്റ്റാൻഡുകൾ, ഷോപ്പിംഗ് കോംപ്ലസുകൾ എല്ലാം കോൺഗ്രസ് എംഎൽഎയുടെ കഴിവുകേടിന്റെ തെളിവുകളാണ്. പതിമൂന്നര വർഷം കൊണ്ട് പാലക്കാടിനെ മൊത്തത്തിൽ പിന്നിലേക്ക് നയിച്ചവർ വേണോ, അതല്ല, നാടിനെ മുന്നോട്ട് നയിക്കുന്നവർ വേണോ എന്നാണ് ഈ തിരഞ്ഞെടുപ്പ് മുന്നോട് വെക്കുന്ന ചോദ്യമെന്നും സരിൻ പറയുന്നു.
.
.