മുംബൈ: മലയാളി താരം സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തി മുൻ ദക്ഷിണാഫ്രിക്കൻ താരവും ഐപിഎലിൽ ആർസിബി താരവുമായിരുന്ന എബി ഡിവില്ലിയേഴ്സ്. ഇന്ത്യയ്‌ക്കായി മൂന്നു ഫോർമാറ്റുകളിലും കളിക്കാൻ അർഹനാണ് സഞ്ജുവെന്നും എ.ബി. ഡിവില്ലിയേഴ്സ്. താൻ സഞ്ജുവിന്റെ കടുത്ത ആരാധകനാണെന്നും ഡിവില്ലിയേഴ്സ് വെളിപ്പെടുത്തി. ഇതുവരെയുള്ള സഞ്ജുവിന്റെ പ്രകടനം സിലക്ടർമാർ കാണുന്നുണ്ടെന്നാണ് താൻ കരുതുന്നത്. അദ്ദേഹം എല്ലാ ഫോർമാറ്റിലും ഇന്ത്യയ്‌ക്കായി കളിക്കുന്നതു കാണാൻ ആഗ്രഹമുണ്ട്. സഞ്ജുവിന്റെ ബാറ്റിങ്ങിൽ ഇനിയും ഒരു ഗീയർ കൂടി ബാക്കിയുണ്ട്. ആ ആറാം ഗീയറിലേക്ക് അദ്ദേഹം മാറുന്നത് താൻ കാത്തിരിക്കുകയാണെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി20യിൽ തകർപ്പൻ സെഞ്ചറിയുമായി സഞ്ജു മൈതാനം നിറഞ്ഞാടിയതിന്റെ പിന്നാലെയാണ്, ട്വന്റി20യിലെ എക്കാലത്തേയും ഏറ്റവും വിനാശകാരിയായ ബാറ്റർമാരിൽ ഒരാളായി എണ്ണപ്പെടുന്ന ഡിവില്ലിയേഴ്സിന്റെ പ്രശംസ. ആദ്യ മത്സരത്തിൽ 50 പന്തിൽ ഏഴു ഫോറും 10 സിക്സും സഹിതം 107 റൺസെടുത്ത സഞ്ജുവിന്റെ മികവിൽ ഇന്ത്യ അനായാസ ജയം നേടിയിരുന്നു.
‘‘ലോകത്തിന്റെ ഏതു ഭാഗത്തും ഏതു സാഹചര്യങ്ങളിലും എല്ലാ ഫോർമാറ്റുകളും കളിക്കാനുള്ള മികവ് അദ്ദേഹത്തിനുണ്ട്. സഞ്ജുവിനെ സംബന്ധിച്ച് എന്തോ ഒരു ഒരു കാര്യം സ്വാധീനിച്ചിട്ടുണ്ട്. അത് പരിശീലകരുടെ ഇടപെടനാകാൻ ഇടയില്ലെന്ന് ഞാൻ കരുതുന്നു’ – ഡിവില്ലിയേഴ്സ് പറഞ്ഞു. ‘‘വിവിഎസ് ലക്ഷ്മൺ, ഗൗതം ഗംഭീർ, റയാൻ ടെൻ ഡോഷെറ്റ്, മോണി മോർക്കൽ…. പരിശീലക സംഘത്തിന്റെ ഭാഗമായിട്ടുള്ള ആരെയും ഞാൻ കുറച്ചു കാണുകയല്ല. പക്ഷേ, സഞ്ജു പക്വതയുള്ള ഒരു കളിക്കാരനെന്ന നിലയിൽ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു. അദ്ദേഹത്തിന് തന്റെ കരിയറുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട ഒരു തിരിച്ചറിവ് ലഭിച്ചിട്ടുണ്ട്. സഞ്ജുവിന്റെ ആരാധകരായ നമ്മെ സംബന്ധിച്ച് അത് വളരെ കൗതുകമുണർത്തുന്ന സംഗതിയാണ്. – ഡിവില്ലിയേഴ്സ് പറഞ്ഞു.
‘‘ട്വന്റി20യിൽ സെഞ്ചറി, അതും തുടർച്ചയായ എണ്ണംപറഞ്ഞ രണ്ടു സെഞ്ചറികൾ. തീർത്തും ഉജ്വലമായ പ്രകടനം. സഞ്ജുവിന്റെ നേട്ടത്തിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. സഞ്ജുവുമായി വ്യക്തിപരമായ ബന്ധമുള്ളതുകൊണ്ടാണ് അവന്റെ നേട്ടത്തിൽ അഭിമാനമുണ്ടെന്നു ഞാൻ പറയുന്നത്. ഏറെ വർഷങ്ങളായി ഞങ്ങൾ തമ്മിൽ ഈ ബന്ധമുണ്ട്. ഞാൻ എക്കാലവും സഞ്ജുവിന്റെ വലിയൊരു ആരാധകനാണ്. അദ്ദേഹത്തിന്റെ ശൈലി എനിക്ക് വളരെ ഇഷ്ടമാണ്. സഞ്ജു എക്കാലവും മികച്ച പ്രകടനം നടത്തണമെന്നാണ് എന്റെ ആഗ്രഹം.
തനിക്ക് ഉണ്ടായ അനുഭവവും ഡിവില്ലിയേഴ്സ് ഓർത്തെടുത്തു. ‘‘ഒരിക്കൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിക്കെതിരെ സഞ്ജു സെഞ്ചറി നേടിയിരുന്നു. അന്ന് ഞാനും ടീമിലുണ്ട്. ഈ താരം വളരെ സ്പെഷ്യലായിട്ടുള്ള ആളാണെന്ന് ഞാൻ അന്നുതന്നെ മനസിൽ കുറിച്ചിരുന്നു. എന്റെ അന്നത്തെ തോന്നൽ ശരിയായിരുന്നുവെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. 200നു മുകളിൽ സ്ട്രൈക്ക്റേറ്റിൽ സഞ്ജു ബാറ്റ് ചെയ്യുന്നത് ഞാൻ അധികം കണ്ടിട്ടില്ല. പൊതുവെ യാഥാസ്ഥിതിക ശൈലിയാണ് അദ്ദേഹത്തിന്റേത്. സാധാരണഗതിയിൽ 140–160 സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ ബാറ്റിങ്. ഇത്തവണ അദ്ദേഹം നേടിയ രണ്ടു സെഞ്ചറികളും, പ്രത്യേകിച്ച് രണ്ടാമത്തെ സെഞ്ചറി അതിവേഗത്തിൽ നേടിയതാണ്’ –ഡിവില്ലിയേഴ്സ് ചൂണ്ടിക്കാട്ടി.