കലിപ്പ് തീര്‍ത്ത് സഞ്ജുവും മാര്‍ക്കോ യാന്‍സനും; ട്വന്റി20 മത്സരത്തിനിടെ സഞ്ജു സാംസണും മാര്‍ക്കോ യാന്‍സനും തമ്മില്‍ വാക്‌പോര്, ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറല്‍

ഡര്‍ബന്‍: ദക്ഷിണാഫ്രിക്ക ഇന്ത്യ ഒന്നാം ട്വന്റി20 മത്സരത്തിനിടെ ഗ്രൗണ്ടില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണും ദക്ഷിണാഫ്രിക്കന്‍ താരം മാര്‍ക്കോ യാന്‍സനും തമ്മില്‍ വാക്‌പോര്. പിച്ചില്‍ കയറി സഞ്ജു പന്തെടുക്കുന്നതിനെ മാര്‍ക്കോ യാന്‍സന്‍ എതിര്‍ത്തതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ഉടന്‍തന്നെ സഞ്ജു ഇക്കാര്യം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും താരം ഓടിയെത്തി പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്തു. സഞ്ജുവിനെ ന്യായീകരിച്ചും ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഇടപെടലിനെ പ്രതികൂലിച്ചും യാന്‍സനുമായി നേര്‍ക്കുനേര്‍ തര്‍ക്കിക്കുന്ന സൂര്യയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി

ഫീല്‍ഡര്‍ ത്രോ ചെയ്ത പന്ത് കയ്യിലൊതുക്കാനാകാതെ തട്ടിത്തെറിച്ചതോടെ, സഞ്ജു പിച്ചില്‍ കയറി പന്തെടുത്തു. ഇതിനെ മാര്‍ക്കോ യാന്‍സന്‍ ചോദ്യം ചെയ്യുകയായിരുന്നു. സഞ്ജുവും യാന്‍സനും തമ്മിലുള്ള തര്‍ക്കത്തിനിടെ, സഞ്ജു തന്നെയാണ് ഇക്കാര്യം സൂര്യയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഓടിയെത്തിയ സൂര്യകുമാര്‍ യാന്‍സനുമായി മുഖാമുഖം സംസാരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സഞ്ജുവിനോട് യാന്‍സന്‍ അതൃപ്തി പ്രകടിപ്പിച്ചതിലുള്ള അനിഷ്ടം സൂര്യ പ്രകടിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തം.

ഇതിനിടെ സിംഗിള്‍ പൂര്‍ത്തിയാക്കി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കുകയായിരുന്ന കോട്‌സെയും ഇവിടേക്കെത്തി. രംഗം പന്തിയല്ലെന്നു കണ്ട് അംപയര്‍മാരും ഓടിയെത്തിയതോടെ എന്താണ് സംഭവിക്കുന്നതെന്ന ആകാംക്ഷയിലായി ആരാധകര്‍. തുടര്‍ന്ന് സൂര്യകുമാര്‍ തന്നെ സംഭവം അംപയര്‍മാരോട് വിശദീകരിച്ചു. അംപയര്‍മാര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയും ചെയ്തു.

തുടര്‍ന്ന് ഈ ഓവറിലെ നാലാം പന്തില്‍ പടുകൂറ്റന്‍ സിക്‌സറുമായി മാര്‍ക്കോ യാന്‍സന്‍ തിരിച്ചടിച്ചെങ്കിലും, അതേ ഓവറില്‍ത്തന്നെ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ക്യാച്ച് സമ്മാനിച്ച് പുറത്തായി. അഞ്ചാം പന്തില്‍ യാന്‍സന്‍ നല്‍കിയ അവസരം ബാക്വാര്‍ഡ് പോയിന്റില്‍ പാണ്ഡ്യ കൈവിട്ടെങ്കിലും, തൊട്ടടുത്ത പന്തില്‍ പാണ്ഡ്യ തന്നെ ക്യാച്ചെടുത്ത് യാന്‍സനെ പുറത്താക്കി.

മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141 റണ്‍സിന് പുറത്തായി. ഇതോടെ ഇന്ത്യയുടെ വിജയം 61 റണ്‍സിന്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്കായി, കൈക്കരുത്തും ക്ലാസിക്കില്‍ ഷോട്ടുകളും സമംചേര്‍ത്ത സെഞ്ചറി കുറിച്ച് ഓപ്പണിങ് റോളില്‍ താന്‍ ‘വേറെ ലെവലാണെന്ന്’ സഞ്ജു സാംസണ്‍ ഒരിക്കല്‍കൂടി തെളിയിച്ചു. സഞ്ജുവിന്റെ സെഞ്ചറിച്ചിറകിലേറി ( 50 പന്തില്‍ 107) റണ്‍മല സൃഷ്ടിച്ച ടീം ഇന്ത്യയ്ക്കു മുന്നില്‍ പൊരുതി നില്‍ക്കാന്‍ പോലുമുള്ള കരുത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ഇല്ലായിരുന്നു.

സഹഓപ്പണര്‍ അഭിഷേക് ശര്‍മയെ (8 പന്തില്‍ 7) തുടക്കത്തിലേ നഷ്ടമായതോടെ ഒരു എന്‍ഡില്‍ ഉറച്ചുനിന്ന സഞ്ജുവിനായിരുന്നു പിന്നീട് ഇന്നിങ്‌സ് മുന്നോട്ടുനയിക്കേണ്ട ചുമതല. തുടക്കം മുതല്‍ സഞ്ജു ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയതോടെ മൂന്നാമനായി എത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് (17 പന്തില്‍ 21) കാഴ്ചക്കാരന്റെ റോള്‍ മാത്രമാണുണ്ടായിരുന്നത്. രണ്ടാം വിക്കറ്റില്‍ സൂര്യയ്‌ക്കൊപ്പം 37 പന്തില്‍ 66 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. സൂര്യയെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ പാട്രിക് ക്രൂഗര്‍ മടക്കിയെങ്കിലും സഞ്ജു അറ്റാക്കിങ് മോഡില്‍ തന്നെ തുടര്‍ന്നു.

നാലാമനായി എത്തിയ തിലക് വര്‍മയും (18 പന്തില്‍ 33) സഞ്ജുവിനൊപ്പം ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയതോടെ ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ ചിത്രത്തിലേ ഇല്ലാതായി. 50 പന്തില്‍ 10 സിക്‌സും 7 ഫോറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. ആദ്യം തിലകിനെയും പിന്നാലെ സഞ്ജുവിനെയും മടക്കിയ ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ അവസാന 5 ഓവറില്‍ റണ്‍നിരക്ക് പിടിച്ചുനിര്‍ത്തി. ആതിഥേയര്‍ക്കായി ജെറാള്‍ഡ് കോട്‌സെ 4 ഓവറില്‍ 37 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. രാജ്യാന്തര ട്വന്റി20യില്‍ തുടര്‍ച്ചയായി സെഞ്ചറി നേടുന്ന നാലാമത്തെ താരമാണ് സഞ്ജു സാംസണ്‍. ഫ്രാന്‍സിന്റെ ഗുസ്താവ് മകിയോണ്‍, ദക്ഷിണാഫ്രിക്കയുടെ റൈലി റൂസോ, ഇംഗ്ലണ്ടിന്റെ ഫില്‍ സോള്‍ട്ട് എന്നിവരാണ് ഇതിനു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്.

pathram desk 1:
Related Post
Leave a Comment