മേപ്പാടി: കുന്നംപറ്റയിലെ വാടക ഫ്ലാറ്റിൽ കഴിയുന്ന ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. രണ്ടു കുട്ടികൾക്കാണ് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണ്. ദുരന്ത ബാധിതർക്ക് നൽകിയ കിറ്റിലെ സൊയാബീൻ കഴിച്ചിട്ടാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് വിവരം. നാലിലും ഒൻപതിലും പഠിക്കുന്ന കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്.
എന്നാൽ സംഭവത്തിനുത്തരവാദികൾ യുഡിഎഫാണെന്ന് മുഖ്യമന്ത്രി തൃശൂരിൽ പ്രതികരിച്ചു. മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പഴകിയ ഭക്ഷ്യസാധനങ്ങൾ നൽകിയ സംഭവത്തിൽ യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്താണ്. മേപ്പാടി പഞ്ചായത്തിന്റേത് സർക്കാർ നൽകിയ നിർദേശങ്ങൾക്ക് വിരുദ്ധമായ നടപടിയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
പ്രാദേശിക സർക്കാരാണ് പഴയ സാധനങ്ങൾ വിതരണം ചെയ്തതെന്ന് കേൾക്കുന്നു. ദുരന്തത്തിന്റെ തുടക്കത്തിൽ തന്നെ പഴയ സാധനങ്ങൾ ദുരിതബാധിതർക്ക് നൽകരുതെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. മേപ്പാടിയിലെ വിഷയത്തിൽ വിജിലൻസ് വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ദുരന്തബാധിതർക്ക് പുഴുവരിച്ച അരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് വിവാദവും സമരങ്ങളും അരങ്ങേറുന്നതിനിടെയാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം മേപ്പാടിയിൽ റോഡ് ഉപരോധിച്ചു. പുഴുവരിച്ച ഭക്ഷ്യക്കിറ്റുകൾ കുന്നംപറ്റയിലെ ഫ്ലാറ്റിലും വിതരണം ചെയ്തുവെന്നാണ് വിവരം.
വ്യാഴാഴ്ച രാത്രി മുതലാണ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയത്. ഇന്നലെ രാവിലെ ഒരു കുട്ടിയെ കൽപറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുന്ന് നൽകി വിട്ടയച്ചെങ്കിലും കുറയാത്തതിനാൽ കഴിഞ്ഞ രാത്രിയിൽ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഉച്ചയോടെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു. കിറ്റിൽ നിന്ന് ലഭിച്ച സൊയാബീൻ കഴിച്ചിരുന്നുവെന്നും ഇതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണു കരുതുന്നതെന്നും പഞ്ചായത്ത് മെംബർ അജ്മൽ സാജിദ് പറഞ്ഞു.
ദുരന്ത ബാധിതർക്ക് പുഴുവരിച്ച അരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും പരസ്പരം പഴിചാരുകയും സമരങ്ങൾ നടത്തുകയും ചെയ്യുന്നതിനിടെയാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. റവന്യൂവകുപ്പാണ് അരി വിതരണം ചെയ്തതെന്നും പഞ്ചായത്ത് ഭരണ സമിതിക്ക് പങ്കില്ലെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു പറയുന്നത്. എന്നാൽ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പുഴുവരിച്ച അരി വിതരണം ചെയ്തതെന്നാരോപിച്ചാണ് ഡിവൈഎഫ്ഐയും സിപിഎമ്മും സമരം ശക്തമാക്കിയിരിക്കുന്നത്.