ലക്കിയുടെയൊരു ഭാ​ഗ്യമേ… മരണാനന്തര ചിലവ് നാല് ലക്ഷം, സംസ്കാര ചടങ്ങിൽ കുറികിട്ടിയെത്തിയത് 1500 പേർ, പ്രാർഥനയുമായി പുരോ​ഹിതർ

ഇതൊരു മരണാനന്തര ചടങ്ങാണ്, മനുഷ്യരുടേയോ, മൃ​ഗങ്ങളുടേയൊയല്ല, മറിച്ച് ഒരു കാറിന്റെ…
ഏതെങ്കിലും ആക്രിക്കടയിൽ വെട്ടിപ്പൊളിക്കാൻ പോകേണ്ടിയിരുന്ന കാറിന് സമാധിയൊരുക്കി കുടിയിരുത്തിയിരുക്കുകയാണ് ​ഗുജറാത്തിൽ ഒരു കുടുംബം. ജീവിതത്തിൽ ഉയർച്ചകൾ സമ്മാനിച്ച കാര്‍ കാലഹരണപ്പെട്ടപ്പോള്‍ ആചാരപരമായി ‘സമാധി’യിരുത്തിയിരിക്കുകയാണ് ‌അമ്രേലി ജില്ലയില്‍ ലാഠി താലൂക്കിലെ പാദര്‍ശിംഗ ഗ്രാമത്തിലെ സഞ്ജയ് പൊളാര. 12 വർഷം മുൻപ് താൻ വാങ്ങിയ വാഗണര്‍ കാറിന്റെ സംസ്കാര ചടങ്ങുകളാണ് നിറഞ്ഞ ആൾക്കൂട്ടത്തിനു നടുവിൽ നടത്തിയത്.

1500-ഓളം പേരാണ് ചടങ്ങില്‍ ‘ആദരാഞ്ജലിയര്‍പ്പിക്കാന്‍’ എത്തിയത്. തന്റെ കുടുംബത്തില്‍ ഐശ്വര്യം വരാന്‍ കാരണം 12 വര്‍ഷം പഴക്കമുള്ള ഈ കാറാണെന്ന് പൊളാര കരുതുന്നു. കര്‍ഷകനും സൂറത്തില്‍ കെട്ടിടനിര്‍മാണ ബിസിനസുകാരനുമായ അദ്ദേഹത്തിന് കാറു വാങ്ങിയതുതൊട്ട് വെച്ചടി കയറ്റമായിരുന്നത്രെ. ”അതോടെ ഞങ്ങള്‍ക്ക് സമൂഹത്തില്‍ ഒരു വിലയും നിലയും കൈവന്നു. അതിനാലാണ് വണ്ടി പഴകിയപ്പോള്‍ വില്‍ക്കുന്നതിനുപകരം സമാധിയിരുത്താന്‍ തീരുമാനിച്ചത്” -പൊളാര പറഞ്ഞു.

ഇതിന്റെ ഭാ​ഗമായി സംസ്‌കാരച്ചടങ്ങിന് കുറിയടിച്ച് ആളുകളെ ക്ഷണിച്ചു. മുല്ലപ്പൂകൊണ്ട് അലങ്കരിച്ച കാറിനെ വീട്ടില്‍നിന്ന് കൃഷിഭൂമിയിലേക്ക് കൊണ്ടുപോയി. 15 അടി താഴ്ചയുള്ള കുഴിയിലേക്ക് പച്ചപ്പുതപ്പ് പുതപ്പിച്ച് ഇറക്കി. പുരോഹിതര്‍ മന്ത്രങ്ങള്‍ ചൊല്ലി . കുടുംബാംഗങ്ങള്‍ പൂക്കള്‍ ചൊരിഞ്ഞു. ബുള്‍ഡോസര്‍കൊണ്ട് മണ്ണിട്ട് മൂടി. എത്തിയവര്‍ക്കെല്ലാം സമൃദ്ധമായ അന്നദാനവും ഉണ്ടായിരുന്നു.

ഭാവിതലമുറയും ഈ കാറിനെ ഓര്‍ക്കുന്നതിനുകൂടിയാണ് ചടങ്ങ് നടത്തിയതെന്നും സഞ്ജയ് പൊളാര അറിയിച്ചു. നാലുലക്ഷം രൂപയാണ് സംസ്‌കാരച്ചടങ്ങുകള്‍ക്ക് ഇദ്ദേഹം മുടക്കിയത്. കൂടാതെ സ്ഥലത്ത് ഒരു വൃക്ഷത്തൈയും നട്ടു. ലക്കി കാറിന്റെ സമാധിസ്ഥലം കൃത്യമായി അറിയാനാണത്. ചടങ്ങിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

ഇതേ അമ്രേലി ജില്ലയില്‍ത്തന്നെയാണ് കഴിഞ്ഞ ദിവസം കര്‍ഷകത്തൊഴിലാളി ദമ്പതിമാരുടെ നാലുകുട്ടികള്‍ കളിക്കാന്‍ കയറിയ കാറിനുള്ളില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചതുമെന്നതും യാദൃശ്ചികം.

.
.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7