‘ഹലോ പോലീസ് സ്റ്റേഷനല്ലേ… എന്റെ വീട്ടിൽ പാകം ചെയ്യാൻ വച്ചിരുന്ന ഉരുളക്കിഴങ്ങ് മോഷണം പോയി’; 112 ൽ വിളിച്ച് അടിയന്തര സഹായം ആവശ്യപ്പെട്ട് യുപി സ്വദേശി

ലഖ്‌നൗ: വീട്ടിൽ പാകം ചെയ്യാൻ വച്ചിരുന്ന 250 ഗ്രാം ഉരുളക്കിഴങ്ങ് മോഷണം പോയി. അത് കണ്ടെത്തിത്തരണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ് യുപി സ്വദേശി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലെ മന്നപൂർവ നിവാസിയായ വിജയ് വർമയാണ് തികച്ചും വ്യത്യസ്തവും അതേ സമയം കൗതുകകരവുമായ ആവശ്യവുമായി പോലീസിന്റെ അടിയന്തരസഹായത്തിനുള്ള ടോൾഫ്രീ നമ്പറായ 112ലേക്ക് വിളിച്ചത്. സംഭവത്തിൽ വിജയ് വർമ പോലീസുകാരോട് പരാതി ഉന്നയിക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

ദീപാവലിയുടെ തലേദിവസം രാത്രിയാണ് പോലീസിന്റെ സഹായത്തിനായുള്ള ‘112’ എന്ന ടോൾഫ്രീ നമ്പറിലേക്ക് വിജയ് വർമ വിളിച്ചത്. വീട്ടിൽനിന്ന് പാകം ചെയ്യാനായി തൊലി കളഞ്ഞുവച്ച ഉരുളക്കിഴങ്ങ് കാണാതായെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം. ഫോണിലൂടെ വിവരമറിഞ്ഞതിന് പിന്നാലെ പോലീസ് സംഘം വിജയ് വർമയുടെ വീട്ടിലെത്തി.

പോലീസ് വീട്ടിലെത്തിയപ്പോൾ കാണുന്നത് മദ്യപിച്ച് കിറുങ്ങി നിൽക്കുന്ന പരാതിക്കാരനേയായിരുന്നു. ഇതോടെ മദ്യപിച്ചിട്ടുണ്ടോ എന്നായിരുന്നു പോലീസിന്റെ ചോദ്യം. അതെയെന്ന് മറുപടിയും. ”ഞാൻ മദ്യപിച്ചിട്ടുണ്ട്. ദിവസം മുഴുവനും ജോലിചെയ്യുന്ന ഞാൻ വൈകിട്ട് ചെറുതായിട്ട് ഒന്നടിക്കാറുണ്ട്. പക്ഷേ, ഇത് മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. ഇത് ഉരുളക്കിഴങ്ങ് കാണാതായ വിഷയമാണ്. അന്വേഷിക്കണം’ എന്നായിരുന്നു വിജയുടെ ആവശ്യം. എത്ര കിലോ ഉരുളക്കിഴങ്ങ് മോഷണം പോയെന്ന ചോദ്യത്തിന് 250 ഗ്രാമെന്ന മറുപടിയും.

സംഭവത്തിൽ കൗതുകം തോന്നിയ പോലീസ് വിജയ് വർമ പരാതി ഉന്നയിക്കുന്ന വീഡിയോയെടുത്ത് പുറത്തുവിട്ടതോടെ സാമൂഹികമാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളാണുയരുന്നത്. പരാതി എന്തായാലും പോലീസ് അതിവേഗത്തിൽ പ്രതികരിച്ചതിനെ പലരും അഭിനന്ദിച്ചു. എന്നാൽ, ഇത്തരം പരാതികൾ പോലീസിനെയും മറ്റു അടിയന്തരസേവനങ്ങളെയും ദുരുപയോഗം ചെയ്യുന്നതാണെന്നായിരുന്നു ഒരുവിഭാഗത്തിന്റെ വിമർശനം. അതേസമയം, ഉരുളക്കിഴങ്ങ് കാണാതായ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിയോ, പ്രതിയെ പിടികൂടിയോ എന്നകാര്യത്തിൽ വ്യക്തതയില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7