കണ്ണൂർ: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയെ എന്തുവിലകൊടുത്തും സംരക്ഷിക്കുകയെന്ന നിലപാടാണ് സിപിഎം കൈക്കൊണ്ടിട്ടുള്ളതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ദിവ്യയ്ക്കെതിരെ ഇതുവരെ പാർട്ടിയുടെ ഭാഗത്തു നിന്നും യാഥൊരു വിധത്തിലുള്ള നടപടിയുമുണ്ടാകാത്തത് ഇതിന്റെ തെളിവാണ്. നവീൻ ബാബു വിഷയത്തിൽ നീതിപൂർണമായ ഒരന്വേഷണം നടക്കുമെന്ന് യാഥൊരുവിധ വിശ്വാസവുമില്ല. അതിനാൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സുധാകരൻ പറഞ്ഞു.
ഏതെങ്കിലം ഒരു കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചാൽ അതു പ്രവർത്തിക്കുന്നതാണ് സിപിഎമ്മിൻറെ ശൈലി. ദിവ്യയെ സംരക്ഷിക്കാൻ അവർ തീരുമാനിച്ചു കഴിഞ്ഞതാണ്. അതിനാൽ തന്നെ എന്തുവിലകൊടുത്തും അവർ അത് ചെയ്യുകയും ചെയ്യും. ഇത്രയൊക്കെ സംഭവിച്ചിട്ടും ദിവ്യയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയോ?, പോലീസ് രജിസ്റ്റർ ചെയ്ത ഒരു ക്രിമിനൽ കേസിൽ പ്രതിയായിട്ടും ദിവ്യയെ സസ്പെൻഡ് ചെയ്തോയെന്നും ദിവ്യയെ സംരക്ഷിക്കാനുള്ള പാർട്ടിയുടെ തീരുമാനത്തിൻറെ തെളിവാണിതെന്നും സുധാകരൻ പറഞ്ഞു.