ബംഗളൂരു: ബിപിഎൽ സ്ഥാപക ഉടമയും പ്രമുഖ വ്യവസായിയും ടിപി ഗോപാല്‍ നമ്പ്യാർ (96) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ബംഗളുരുവിലെ വസതിയിലായിരുന്നു അന്ത്യം. മുൻ കേന്ദ്രമന്ത്രിയും പ്രമുഖ വ്യവസായിയുമായ രാജീവ് ചന്ദ്രശേഖർ മരുമകനാണ്.
1963-ലാണ് ടിപിജി നമ്പ്യാര്‍ പാലക്കാട്ട് ബ്രിട്ടീഷ് ഫിസിക്കൽ ലാബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുന്നത്. പിന്നീട് ബംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റ് ആസ്ഥാനമാക്കി പ്രവർത്തനം വിപുലീകരിച്ചു. തുടക്കം പ്രതിരോധ സേനകൾക്കുള്ള പ്രിസിഷൻ പാനൽ മീറ്ററുകളുടെ നിർമാണമാണമായിരുന്നു. പിന്നീട് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമാണത്തിലേക്ക് തിരിഞ്ഞു. പിന്നീട് കമ്പനി ബിപിഎൽ എന്നു പുനർനാമകരണം ചെയ്തു.
1990-കളിൽ ബിപിഎൽ ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉപകരണ നിർമാണ രംഗത്തെ പ്രബല ശക്തിയായി വളർന്നു. ഒരു കാലത്ത്ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷൻ, മൊബൈൽ നിർമാണരംഗങ്ങളിലും ശ്രദ്ധേയ നാമമായിരുന്നു ബിപിഎൽ. ടിവി, ഫോണ്‍ മേഖലകളിലെ ആധിപത്യം ബിപിഎല്‍ കമ്പനിയെ ഇന്ത്യയിലെ ആദ്യ 10 മുന്‍നിര കമ്പനികളുടെ ശ്രേണിയിലെത്തിച്ചു അജിത് നമ്പ്യാർ, അഞ്ജു ചന്ദ്രശേഖർ എന്നിവർ മക്കളാണ്. സംസ്ക്കാരം നാളെ ബെംഗളൂരു കൽപ്പള്ളി ശ്മശാനത്തിൽ.