തൃശ്ശൂര്‍: നഗരത്തിലെ സ്വര്‍ണാഭരണ നിര്‍മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധന തുടരുന്നു. കണക്കില്‍പെടാത്ത നൂറു കിലോയിലധികം സ്വര്‍ണം ഇതുവരെ പിടിച്ചെടുത്തു. അഞ്ച് കൊല്ലത്തെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്.
ജി.എസ്.ടി. വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡില്‍ എഴുന്നൂറോളം ഉദ്യോഗസ്ഥരാണുള്ളത്. ഇന്നലെ രാത്രി ആരംഭിച്ച പരിശോധന വ്യാഴാഴ്ചയും തുടരുകയാണ്. സ്വര്‍ണം ഉരുക്കി ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന ആഭരണ നിര്‍മാണ ശാലകളിലും ഉടമകളുടെ വീടുകളിലുമാണ് പരിശോധന.
ജി.എസ്.ടി. സ്‌പെഷ്യല്‍ കമ്മിഷണര്‍ റണ്‍ എബ്രഹാമിന്റെ നേതൃത്വത്തിലാണ് എഴുപത്തഞ്ചോളം ഇടങ്ങളില്‍ പരിശോധന നടക്കുന്നത്. ഉല്ലാസ യാത്ര, ജിഎസ്ടി പരിശീലനം, ക്ഷേത്ര ദര്‍ശനം എന്നിങ്ങനെ പലവിധ കാരണങ്ങള്‍ പറഞ്ഞു ബസ്സുകളിലും കാറുകളിലുമായാണ് ഉദ്യോഗസ്ഥരെ തൃശ്ശൂരിലെത്തിച്ചതെന്നാണ് വിവരം.
സ്‌പെയിനിലെ ചരിത്രസ്മാരകമായ ‘ടോറെ ഡെല്‍ ഓറോ’ (സ്വര്‍ണ ഗോപുരം) യുടെ പേരാണ് റെയ്ഡിന് നല്‍കിയിരിക്കുന്നത്.
assive gst intelligence department raid in thrissur unaccounted 100 kg gold seized