ജറുസലേം: ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം വീടിനെ ലക്ഷ്യമിട്ട് ഉണ്ടായതിനുശേഷം വിഡിയോ സന്ദേശത്തിലൂടെ പ്രതികരണവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എത്തി. ഹമാസിനെതിരായ യുദ്ധത്തിൽ വിജയിക്കുമെന്നും ഒന്നിനും ഇസ്രയേലിനെ പിന്തിരിപ്പിക്കാനാകില്ലെന്നും നെതന്യാഹു.
‘‘ഇറാന്റെ നിഴൽസംഘങ്ങളുമായി യുദ്ധം തുടരും’’ ഹമാസ് നേതാവ് യഹ്യ സിൻവറിന്റെ കൊലപാതകത്തെ ഓർമിപ്പിച്ച് നെതന്യാഹു പറഞ്ഞു. ‘‘ രണ്ടു ദിവസം മുൻപ് തീവ്രവാദികളുടെ ബുദ്ധികേന്ദ്രമായ യഹ്യ സിൻവറിനെ ഉൻമൂലനം ചെയ്തു. ഞങ്ങൾ ഈ യുദ്ധം ജയിക്കാൻ പോകുകയാണ്’’–നെതന്യാഹു വ്യക്തമാക്കി. വടക്കന്‍ ഇസ്രയേലിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതി ലക്ഷ്യമിട്ട് ലബനനിൽനിന്ന് ഡ്രോൺ ആക്രമണം നടത്തിയിരുന്നു.
ഈ സമയം നെതന്യാഹുവും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. ഒരു ഡ്രോൺ വീടിനടുത്തുള്ള കെട്ടിടത്തിൽ ഇടിച്ചു തകർന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. രണ്ടു ഡ്രോണുകളെ വെടിവച്ചിട്ടു. ഹിസ്ബുല്ല ഡ്രോൺ ആക്രമണത്തോട് പ്രതികരിച്ചില്ല. ആർക്കും പരുക്കുകളില്ല. ഹിസ്ബുല്ല യുദ്ധത്തിനും ആയുധം സംഭരിക്കാനും ഉപയോഗിച്ചിരുന്ന ടണലുകൾ തകർത്തതായി ഇസ്രയേൽ സൈന്യം പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ ഇസ്രയേൽ–ഹമാസ് സംഘർഷം ആരംഭിച്ചശേഷം 42,519 പലസ്തീൻകാർ കൊല്ലപ്പെടുകയും 99,637 പേർക്കു പരുക്കേൽക്കുകയും ചെയ്തതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഹമാസ് ഉന്നതനേതാവ് യഹ്യ സിൻവർ കൊല്ലപ്പെട്ടതോടെയാണ് സംഘർഷം രൂക്ഷമായത്. 2023 ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ കടന്നാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സിൻവറായിരുന്നു. ജൂലൈയിൽ ടെഹ്റാനിൽ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടശേഷം സംഘടനയുടെ മേധാവിയായി. ഹനിയ ഖത്തറിലെ ദോഹ കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. യഹ്യ സിൻവർ ഗാസയിൽനിന്നാണ് ഹമാസിനെ നയിച്ചിരുന്നത്.
Benjamin Netanyahu says that war against Hamas will won and nothing will deter Israel
World News Benjamin Netanyahu israel Hamas Israel Palestine Conflict