ലഹോർ: ഭൂതകാലം കുഴിച്ചുമൂടി ഭാവിയിലേക്കു മികച്ച അയൽക്കാരായി മാറാൻ ഇന്ത്യയും പാക്കിസ്ഥാനും ശ്രമിക്കണമെന്ന് പാക്ക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) സമ്മേളനത്തിനായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാനിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മഞ്ഞുരുക്കാനുള്ള ശ്രമമെന്ന നിലയിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഷെരീഫിന്റെ പ്രസ്താവന വരുന്നത്.
ജയശങ്കറിന്റെ സന്ദർശനം നല്ല വഴിയായി കണ്ട് ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തി മുന്നോട്ടുപോകണമെന്നും മൂന്നുതവണ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (എൻ) പ്രസിഡന്റുമായ ഷെരീഫ് കൂട്ടിച്ചേർത്തു. 2015 ഡിസംബറിൽ ലഹോറിലേക്കു പ്രധാനമന്ത്രി മോദി നടത്തിയ അപ്രതീക്ഷിത യാത്രയെക്കുറിച്ചും ഷെരീഫ് പറഞ്ഞു. ‘‘ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരിക്കുന്ന ബന്ധത്തിലെ ഈ ദീർഘ നാളത്തെ കാത്തിരിപ്പിൽ ഞാൻ സന്തോഷവാനല്ല. നമ്മുടെ അയൽക്കാരെ നമുക്ക് മാറ്റാനാകില്ല. നല്ല അയൽക്കാരായി ജീവിക്കാം’’ – അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ പാലം പണിയുമോയെന്ന ചോദ്യത്തിന് ആ പങ്കുവഹിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.
ഒൻപതു വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാക്കിസ്ഥാനിലെത്തുന്നത്. സമ്മേളത്തിനപ്പുറം ഇരുരാജ്യങ്ങൾ തമ്മിൽ മറ്റു കൂടിക്കാഴ്ചകളൊന്നും ഉണ്ടായിരുന്നില്ല. ‘‘കാര്യങ്ങൾ ഇങ്ങനെ മുന്നോട്ടുപോകട്ടെ. പ്രധാനമന്ത്രി മോദി വരുന്നതിനായിരുന്നു താൽപര്യം. എന്നാൽ വിദേശകാര്യമന്ത്രി വന്നതും നല്ലതാണ്. പോരാട്ടത്തിന്റെ പാതയിലാണ് 70 വർഷമായി നമ്മൾ. ഇനിയൊരു 70 വർഷം കൂടി അങ്ങനെ പോകാൻ പാടില്ല. ഇരുവിഭാഗവും ഒരുമിച്ചിരുന്ന് എങ്ങനെ മുന്നോട്ടു പോകണമെന്ന് തീരുമാനിക്കണം’’ – അദ്ദേഹം പറഞ്ഞു.
Former Pakistan Prime Minister Nawaz Sharif reaches out to New Delhi after Jaishankar’s rare trip to Islamabad Pakistan Nawaz Sharif S Jaishankar Latest News India News