കൊച്ചി: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയ സംഭവം ആവർത്തിക്കരുതെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട ആരോപണത്തിൽ ക്ഷേത്രം ചീഫ് വിജിലൻസ് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രം ഭരണസമിതി ഉചിതമായ നടപടി സ്വീകരിക്കാനും ഹൈക്കോടതി നിർദേശിച്ചു. ക്ഷേത്രഭൂമിയിൽ താൽക്കാലികമായോ സ്ഥിരമായോ കയ്യേറ്റമുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കണമെന്നും ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, പി.ജി.അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. ആചാരലംഘനമടക്കം ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിശ്വാസികൾ നൽകിയ ഹർജിയാണ് കോടതി ഇന്ന് തീർപ്പാക്കിയത്.
ഇക്കഴിഞ്ഞ ജൂലൈ ആറിനാണ് ശ്രീപത്മനാഭാ സ്വാമി ക്ഷേത്രത്തിലെ വടക്കേ നടയോടു ചേർന്ന മതിലകത്തിനു സമീപമുള്ള ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസറുടെ ഓഫിസിൽ ചിക്കൻ ബിരിയാണി വിളമ്പിയെന്ന ആരോപണമുയർന്നത്. ഈ ഓഫിസിലെ ഒരു താൽക്കാലിക ജീവനക്കാരന്റെ മകനു ജോലി കിട്ടിയതുമായി ബന്ധപ്പെട്ടായിരുന്നു ഇതെന്നാണു റിപ്പോർട്ടുകൾ.
സംഭവം വിവാദമായതോടെ ക്ഷേത്രം ഭരണസമിതി ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്തു. എക്സിക്യുട്ടീവ് ഓഫിസർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും തസ്തികയിൽനിന്നു നീക്കാനും ക്ഷേത്ര ഭരണസമിതിക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരൂകൂട്ടം വിശ്വാസികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ക്ഷേത്രപരിസരത്ത് ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ നടപടി ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. ക്ഷേത്രം ഭരണസമിതി ജാഗ്രത പാലിക്കണം. പ്രത്യേക സുരക്ഷാ മേഖലയാണ് പത്മനാഭസ്വാമി ക്ഷേത്രപരിസരം എന്നു കോടതി ഓർമിപ്പിച്ചു. താൽക്കാലിക ജീവനക്കാരനെ ജോലിയിൽനിന്നു പിരിച്ചുവിട്ടതു മാത്രം മതിയാകില്ല.
ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഉചിത നടപടി വേണം. എന്നാൽ എക്സിക്യുട്ടീവ് ഓഫിസറെ തസ്തികയിൽനിന്നു മാറ്റണമെന്ന ആവശ്യം റിട്ട് ഹർജിയിലൂടെ ഭക്തർക്ക് ഉന്നയിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സംഭവം അന്വേഷിച്ച ചീഫ് വിജിലൻസ് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രം ഭരണസമിതിയാണ് അച്ചടക്ക നടപടി സംബന്ധിച്ചു തീരുമാനമെടുക്കേണ്ടത് എന്നും കോടതി വ്യക്തമാക്കി.
High Court Condemns Serving Non-Vegetarian Food at Sree Padmanabhaswamy Temple
Sree Padmanabhaswamy Temple Kerala High Court Kerala News