തിരുവനന്തപുരം: കണ്ണൂരിലെ ചെങ്ങളായിയിൽ പെട്രോൾ എൻഒസി ലഭിച്ചതുമായി ബന്ധപ്പെട്ട് പരിശോധനയുമായി പെട്രോളിയം മന്ത്രാലയം. പമ്പിന് വിവിധ അനുമതികൾ കിട്ടിയതിൽ ക്രമക്കേട് ഉണ്ടോയെന്ന് അന്വേഷിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർദേശത്തെ തുടർന്നാണ് അന്വേഷണം.
യാത്രയയപ്പ് യോഗത്തിൽ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യവിമർശനം നടത്തിയതിൽ മനംനൊന്ത് അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) കെ.നവീൻ ബാബു (55) കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. ചെങ്ങളായിയിൽ പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം നൽകുന്നതിന് മാസങ്ങൾ വൈകിച്ചുവെന്നും അവസാനം എങ്ങനെ കൊടുത്തുവെന്ന് അറിയാമെന്നും 2 ദിവസത്തിനകം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നുമാണ് ദിവ്യ പറഞ്ഞത്. ഇതിനു പിന്നാലെയാണ് എഡിഎം താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്.
പരിയാരം ഗവ. മെഡിക്കൽ കോളജ് ജീവനക്കാരനും സിപിഎം സർവീസ് സംഘടന അംഗവുമായ പ്രശാന്തനാണ് പമ്പിന്റെ അനുമതിക്കായി അധികൃതരെ സമീപിച്ചത്. പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രിഷ്യനായ പ്രശാന്തന് എങ്ങനെ ഇത്രയേറെ തുക മുടക്കി പെട്രോൾ പമ്പ് തുടങ്ങാൻ കഴിയുമെന്ന കാര്യത്തിൽ പ്രതിപക്ഷ സംഘടനകൾ ദുരൂഹത ആരോപിക്കുന്നുണ്ട്.
അതേസമയം എംഡിഎം നവീൻ ബാബു സത്യസന്ധനായിരുന്നുവെന്ന പ്രസ്താവനയുമായി കെ.പി.സി.സി. പ്രസിഡൻ്റ് കെ. സുധാകരൻ എത്തി. പത്തനംതിട്ട മലയാലപ്പുഴയിലെ നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാട്ടിയത് അതിക്രൂരമായ പ്രവര്‍ത്തിയാണ്. കൊലപാതകിയാണ് അവര്‍ എന്ന് പറയേണ്ടിവരും. മുഴുവന്‍ ആളുകള്‍ക്കും നല്ലസേവനം നല്‍കിയ ഒരു ഉദ്യോഗസ്ഥന്റെ ജീവന്‍ നഷ്ടപ്പെടുത്തിയ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ക്രിമിനല്‍ കുറ്റത്തിന് അര്‍ഹയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
കണ്ണൂര്‍ എ.ഡി.എമ്മായി വന്നകാലം മുതല്‍ പലകാര്യങ്ങള്‍ക്കായി അദ്ദേഹവുമായി ബന്ധപ്പെടാറുണ്ടായിരുന്നു. ഒരുപാട് ഉദ്യോഗസ്ഥരെ വിളിക്കാറുണ്ടെങ്കിലും നവീന്‍ ബാബുവില്‍നിന്ന് കിട്ടിയ സ്‌നേഹം മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായിട്ടില്ല. ഒരു ഫയല്‍ അല്‍പ്പം വൈകുന്നുണ്ടെങ്കില്‍ അതിന്റെ കാരണം ഞാന്‍ ചോദിക്കുകപോലും ചെയ്യാതെ എന്നെ വിളിച്ച് അറിയിക്കുമായിരുന്നു. എല്ലാ കാര്യങ്ങളും സത്യസന്ധമായി ചെയ്ത് ഞങ്ങളുടെ മനസില്‍ ഇടംനേടിയ വ്യക്തിയാണ് അദ്ദേഹമെന്ന് സുധാകരന്‍ പറഞ്ഞു.
ഈ മരണം ആലോചിക്കാന്‍ പോലും സാധിക്കാത്തതാണ്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാട്ടിയത് അതിക്രൂരമായ പ്രവര്‍ത്തിയാണ്. കൊലപാതകിയാണ് അവരെന്ന് പറയേണ്ടിവരും. നാട്ടിലെ മുഴുവന്‍ ആളുകള്‍ക്കും നല്ല സേവനം നല്‍കിയ കരുത്തുറ്റ ഒരു ഉദ്യോഗസ്ഥന്റെ ജീവിതത്തെ നഷ്ടപ്പെടുത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒരു ക്രിമിനല്‍ കുറ്റത്തിന് അര്‍ഹയാണ്. ഈ ആത്മഹത്യയുടെ പിന്നിലെ പ്രേരണ ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ അപവാദപ്രചരണമാണ്. ഇക്കാര്യത്തില്‍ പോലീസിന്റെ നടപടി സത്യസന്ധമല്ലെങ്കില്‍ മറ്റ് നിയമനടപടികളിലേക്ക് ഞങ്ങള്‍ പോകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹയല്ല. അവര്‍ കാണിച്ച ക്രൂരത ജനാധിപത്യ സംവിധാനത്തില്‍ ആലോചിക്കാന്‍ പറ്റുന്നതാണോ?. അവരെ ക്ഷണിച്ചിട്ടില്ലാത്ത പരിപാടിയാണ്, അവര്‍ അവിടെ വരേണ്ടതല്ല, അവര്‍ എങ്ങനെ അവിടെ വന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം കളക്ടറെ വിളിച്ച് ചോദിച്ചു. ക്ഷണിച്ചിട്ടില്ലാത്ത ഒരാള്‍ അവിടെ വന്നിരിക്കുമ്പോള്‍ നിങ്ങള്‍ അത് ചോദിക്കണ്ടേയെന്നാണ് അദ്ദേഹത്തോട് ചോദിച്ചത്. ഇത്രയൊക്കെ പറഞ്ഞിട്ടും കളക്ടര്‍ അനങ്ങിയിട്ടില്ല. ഇതെല്ലാം ജനങ്ങള്‍ കാണുന്നതല്ലേയെന്നും സുധാകരൻ ചോദിച്ചു.
കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് ഉന്നയിച്ച ബിനാമി ആരോപണവും സുധാകരന്‍ ശരിവെച്ചു. ഇതൊക്കെ അങ്ങാടിപാട്ടാണ്. അവിടെയുള്ളവര്‍ക്കെല്ലാം ഇതറിയാം. ആന്തൂരിലെ സാജന്‍ എന്ന ഒരു ഗള്‍ഫുകാരന്‍ മുമ്പ് ആത്മഹത്യ ചെയ്തിട്ടുണ്ട്. ഗള്‍ഫില്‍ പോയി കഷ്ടപ്പെട്ട് ആധ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ട് ഉണ്ടാക്കിയതായിരുന്നു ആ ഓഡിറ്റോറിയം. അയാളെ കൊന്നുകൊലവിളിച്ചതാണ്. ഇവിടെ ദിവ്യ ആയിരുന്നെങ്കില്‍ അവിടെ ശ്യാമളയായിരുന്നു. അതുകൊണ്ട് ഒരുകാരണവശാലും ഈ കുറ്റം സമൂഹം പൊറുക്കില്ല. എല്ലാവരുടെയും മനസില്‍ ഒരു തീജ്വാലയായി നവീന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ പരിപാടികള്‍ക്ക് പുറമെ, കേസുമായി കോടതിയെ സമീപിക്കാനും ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അവര്‍ രാജിവെച്ച് പോകണമല്ലോ, ആ പാര്‍ട്ടിയും ക്രൂരന്മാരുടെ പാര്‍ട്ടി ആയതുകൊണ്ടല്ലേ അവര്‍ക്കെതിരേ നടപടി എടുത്ത് പുറത്താക്കാത്തത്. കണ്ണൂരിലെ സി.പി.എം. അവരെ സംരക്ഷിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ശ്രമിക്കുന്നുണ്ടെന്ന് മറുപടി പറഞ്ഞെങ്കിലും ഞാന്‍ അതിന്റെ രാഷ്ട്രിയത്തിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ക്കെതിരേയുള്ള നടപടിയുമായി മുമ്പോട്ട് പോകണം. അത് കാണാനാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Suresh Gopi Orders Probe into Chengalayi Petrol Pump Permit Following Public Outcry
Suresh Gopi Petrol Pump PP Divya Kerala News Malayalam News
Leave a Comment