കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി കേസിൽ നടി പ്രയാഗ മാർട്ടിന്റെ മൊഴി തൃപ്തകരമെന്നും വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്ന നിഗമനത്തിൽ അന്വേഷണസംഘം. നക്ഷത്ര ഹോട്ടലിൽ പോയത് സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരമാണെന്നാണ് പ്രയാഗയുടെ മൊഴി. സുഹൃത്തുക്കളിൽ ശ്രീനാഥ് ഭാസിയുടെ സുഹൃത്തായ ബിനു ജോസഫും ഉണ്ടായിരുന്നു. ശ്രീനാഥിനൊപ്പമാണ് ഹോട്ടലിൽ എത്തിയത്. ലഹരി ഇടപാടോ പാർട്ടിയോ നടന്നതായി അറിവില്ലായിരുന്നുവെന്നും പ്രയാഗ പറഞ്ഞു.
അതേസമയം ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. കേസിൽ ഉൾപ്പെട്ട ബിനു ജോസഫിൻ്റേയും ശ്രീനാഥ് ഭാസിയുടേയും സാമ്പത്തിക ഇടപാടുകളിൽ സംശയമുണ്ട്. ഇതിൽ വ്യക്തത വരുത്താനാണ് നടനെ വീണ്ടും വിളിക്കാൻ അന്വേഷണസംഘം ആലോചിക്കുന്നത്. അതിനിടെ മാർട്ടിന് പൊലീസ് ക്ലീൻചീറ്റ് നൽകിയെന്നാണ് സൂചന.
ലഹരി പരിശോധനയ്ക്ക് സാംപിളുകൾ ശേഖരിക്കാൻ സന്നദ്ധരാണെന്ന് താരങ്ങൾ അന്വേഷണ സംഘത്തെ അറിയിച്ചു. നിലവിൽ പരിശോധന വേണ്ടെന്ന നിലപാടിലാണ് പൊലീസ്. മൊഴികൾ വിലയിരുത്തിയ ശേഷമാകും ശ്രീനാഥിനെ വീണ്ടും ചോദ്യം ചെയ്യുന്നതിൽ തീരുമാനം കൈക്കൊള്ളുക.
അതിനിടെ കൊച്ചിയിലെ അലൻ വോക്കറുടെ സംഗീത നിശയ്ക്കിടെ മൈബൈൽ കൂട്ടക്കവർച്ച നടന്ന സംഭവത്തിൽ പരിപാടിയിലെ ബൗൺസേഴ്സിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രവേശന കവാടത്തിലെ തിക്കിലും തിരക്കിലുമാണ് ഭൂരിഭാഗം മൊബൈലും കവർന്നത്. തിക്കും തിരക്കും മനപൂർവം സൃഷ്ടിച്ചതാണെന്ന പരാതിക്കാരുടെ മൊഴിയിലാണ് ബൗൺസേഴ്സിനെതിരെ സംശയം ബലപ്പെടുന്നത്.
Actress Prayaga Martin Gives Statement Cleared in Om Prakash Drug Case
Prayaga Martin Kerala News Ernakulam News Crime News